കമലിന്റെ ‘നമ്മള്‍’ സിനിമയിലെ ‘പരിമള’മായി മലയാള സിനിമയിലേക്ക് എത്തുകയായിരുന്നു ഭാവന. രണ്ടു പതിറ്റാണ്ടിനിടെ തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, റണ്‍വേ, നരന്‍, ഉദയനാണ് താരം, ചിന്താമണി കൊലക്കേസ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോണ്‍ തുടങ്ങി എടുത്തു പറയാവുന്ന അമ്പതിലേറെ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെയാണ് ഭാവന നല്‍കിയത്. ഇതിനിടെ തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും തിളങ്ങി. മലയാള സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്ത താരം, ഷറഫുദ്ദീനൊപ്പം നവാഗതനായ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ‘ എന്ന സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ തിരിച്ചു വരവ്.
എന്നാല്‍ ജീവിതത്തില്‍ എല്ലാമായിരുന്ന അച്ഛന്‍ ബാലചന്ദ്രന്റെ വിയോഗം തീര്‍ത്ത ശൂന്യത ഇപ്പോഴും മറികടക്കാനായിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോൾ. അച്ഛന്റെ ഒമ്പതാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലാണ് താരം ഇക്കാര്യം പറയുന്നത്.
‘കാലം എല്ലാ മുറിവുകളുണക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പക്ഷേ യാഥാര്‍ഥ്യം അങ്ങനെയാകണമെന്നില്ല. ജീവിതത്തില്‍ ഓരോ നിമിഷവും ഓരോ ദിവസവും സന്തോഷവും സങ്കടവും വരുമ്പോഴുമെല്ലാം അച്ഛനെ മിസ് ചെയ്യുന്നു. അച്ഛന്‍ എപ്പോഴും ഹൃദയത്തിലുണ്ട്.’-ഭാവന കുറിച്ചു.
അച്ഛനൊപ്പമുള്ള ഒരു ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘മുന്നോട്ടു തന്നെ പോകുക, സ്വര്‍ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിന്‍വാങ്ങല്‍ ഇഷ്ടപ്പെടുന്നില്ല’ എന്നെഴുതിയ ഒരു കാര്‍ഡും താരം പങ്കുവെച്ചിട്ടുണ്ട്.
ഫോട്ടോഗ്രാഫറായിരുന്ന തൃശ്ശൂര്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ 2015-ലാണ് മരിക്കുന്നത്. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. ബാലചന്ദ്രന്‍ മരിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു ഭാവനയുടേയും നവീനിന്റേയും വിവാഹ നിശ്ചയം.
content highlight: bhavanas-instagram-post-about-her-father