Kerala

വാര്‍ഡ് പുനര്‍ വിഭജനം മാര്‍ഗരേഖയായി: കരട് റിപ്പോര്‍ട്ട് ഡിലിമിറ്റേഷന്‍ കമ്മിഷന്‍ നവംബര്‍ 16ന് പ്രസിദ്ധീകരിക്കും

സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍ വിഭജനത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് പുനര്‍വിഭജന പ്രക്രിയ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളിലും, രണ്ടാംഘട്ടത്തില്‍ ബ്‌ളോക്ക് പഞ്ചായത്തുകളിലും, മൂന്നാം ഘട്ടത്തില്‍ ജീല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളുടെ പുനര്‍ വിഭജനങ്ങള്‍ നടത്തും.

ആദ്യഘട്ടത്തില്‍ നടക്കുന്ന വാര്‍ഡ് വിഭജനത്തിന്റെ കരട് റിപ്പോര്‍ട്ട് ഡിലിമിറ്റേഷന്‍ കമ്മിഷന്‍ നവംബര്‍ 16ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2024 ഡിസംബര്‍ ഒന്നു വരെ കരട് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നല്‍കാവുന്നതാണ്. ഡി ലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറിക്കോ, ബന്ധപ്പെട്ട ജില്ലാകളക്ടര്‍മാര്‍ക്കോ നേരിട്ടും രജിസ്‌ട്രേഡ് തപാലിലും പരാതികളും ആക്ഷേപങ്ങളും നല്‍കാം. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയും എല്ലാ വാര്‍ഡുകളുടെയും അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിക്കും. വാര്‍ഡ് പുനര്‍ വിഭജനത്തിന്റെ കരട്  റിപ്പോര്‍ട്ട് തയ്യാറാക്കി ഡിലിമിറ്റേഷന്‍ കമ്മിഷന് നല്‍കാനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ക്കാണ്.

പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ ഭേദഗതി പ്രകാരം ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് 14ഉം, കൂടിയത് 24ഉം വാര്‍ഡുകളുണ്ടാകും. ജില്ലാ പഞ്ചായത്തുകളില്‍ ഇത് യഥാക്രമം 17ഉം 33 മാണ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കുറഞ്ഞത് 26, ഏറ്റവും കൂടിയത് 53 വാര്‍ഡുകളുമുണ്ടാകും. കോര്‍പ്പറേഷനുകളില്‍ ഏറ്റവും കുറഞ്ഞത് 56 വാര്‍ഡുകളും, ഏറ്റവും കൂടുതല്‍ 101 വാര്‍ഡുകളുമായിരിക്കും. സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23612 ആകും. നിലവില്‍ ഇത് 21900 ആണ്. 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍ നിശ്ചയിച്ചിട്ടുള്ളത്.

87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും, ആറ് കോര്‍പ്പേറഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും, 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍ 17337 ആയും, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2267 ആയും, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ദ്ധിക്കും.

സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ആസ്ഥാനത്ത് ഡി ലിമിറ്റേഷന്‍ കമ്മിഷന്‍ ചെയര്‍മാര്‍ എ ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിലിമിറ്റേഷന്‍ കമ്മിഷന്‍ അംഗങ്ങളായ പൊതുമരാമത്ത്, വിനോദ സഞ്ചാരവകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു സെക്രട്ടറി എസ്. ബരി കിഷോര്‍, തൊഴില്‍-ഗതാഗത വകുപ്പു സെക്രട്ടറി കെ. വാസുകി, കമ്മിഷന്‍ സെക്രട്ടറി എസ്. ജോസ്‌ന മോള്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ https://www.lsgkerala.gov.in,
https://www.sec.kerala.gov.in, https://www.prd.kerala.gov.in, https://www.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാനും കമ്മിഷന്‍ യോഗം തീരുമാനിച്ചു.

CONTENT HIGHLIGHTS;Ward redistribution as guidelines: Delimitation Commission to publish draft report on November 16