Health

ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്താറുണ്ടോ നിങ്ങള്‍? ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്

രുചി മാത്രമല്ല തൈരിന്റെ ഗുണം

ഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നവര്‍ ഏറെയാണ് നമുക്ക് ചുറ്റും. ഇത് രുചി കൂടുന്നതിന് വേണ്ടിയിട്ടാണെങ്കിലും രുചി മാത്രമല്ല തൈരിന്റെ ഗുണം. ഒരുപാട് ആരോഗ്യ ഗുണങ്ങളും തൈരിനുണ്ട്. തൈര് ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപാട് അസുഖങ്ങളില്‍ നിന്നും നമുക്ക് ഒരു പരിധിവരെ രക്ഷപ്പെടാന്‍ സാധിക്കും. തൈരിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

തൈരില്‍ കാണപ്പെടുന്ന സജീവമായ സംയുക്തങ്ങള്‍ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കുകയും കുടലിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തൈര് സഹായിക്കുന്നു.
ദിവസവും 200 ഗ്രാം തൈര് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ഓസ്ട്രിയയിലെ വിയന്ന സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

എല്ലുകളുടെ ആരോഗ്യം

ഒരു കപ്പ് തൈരില്‍ ഏകദേശം 275 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കാല്‍സ്യം എല്ലുകളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ കൊഴുപ്പും കലോറിയും കുറവാണ്. അതിനാല്‍ ഭാരം നിയന്ത്രിക്കാനും ഇത് സഹായിച്ചേക്കാം.

സൗന്ദര്യ സംരക്ഷണം

തൈര് ഒരു മികച്ച സൗന്ദര്യ വര്‍ധക ഭക്ഷണം ആണ്. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കുകയും എല്ലാ മൃതകോശങ്ങളും പാടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.

ദഹനത്തിന് സഹായിക്കുന്നു

തൈരിന് ആമാശയത്തിലെ ആസിഡിന്റെ അളവില്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്താനുള്ള കഴിവുണ്ട്. പിഎച്ച് അളവ് നിയന്ത്രിക്കാനുള്ള തൈരിന്റെ കഴിവ് ദഹനക്കേടിനുള്ള ഒരു മികച്ച പ്രതിവിധിയാക്കി മാറ്റുന്നു. തൈര് കഴിക്കുന്നതിലൂടെ മറ്റ് ഭക്ഷണവും ഫലപ്രദമായി ദഹിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിന് തൈര് സഹായിക്കുന്നു. തൈര് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയുന്നു. ഇത് ആരോഗ്യകരമായ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. കൂടാതെ കൊളസ്ട്രോളിന്റെ അളവ് കുറയുമ്പോള്‍ ധമനികളെ വൃത്തിയായി സൂക്ഷിക്കുന്നതിനും സുഗമമായ രക്തയോട്ടം അനുവദിക്കുന്നതിനും സഹായിക്കുന്നു.

വിറ്റാമിനുകളാല്‍ സമ്പന്നം

തൈരില്‍ പോട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്‌ലാവിന്‍ തുടങ്ങിയ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ അരുണ രക്താണുക്കളുടെ സംരക്ഷണത്തിന് സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്.

STORY HIGHLIGHTS: Benefits of Curd