സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അഭിനേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയ പല പേരുകളും സമ്മാനിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൺവിൻസിങ് സ്റ്റാർ സുരേഷ് കൃഷ്ണയാണ് താരം.
ക്രിസ്ത്യൻ ബ്രദേഴ്സിലെ നടന്റെ ജോർജ്ജ് കുട്ടി എന്ന കഥാപാത്രമാണ് ഇതിന് കാരണം. ‘നീ എന്നാ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാന്‍ വക്കീലുമായി വരാം’ എന്ന ഡയലോഗാണ് സുരേഷ് കൃഷ്ണയ്ക്ക് മികച്ച കൺവിൻസിങ് സ്റ്റാർ പട്ടം സമ്മാനിച്ചത്. കൂടാതെ,കാര്യസ്ഥൻ സിനിമയിലുമുണ്ട് സമാനമായ സാഹചര്യം. “നീ അംബികയേയും കൊണ്ട് നാടു വിടണം. ഞാൻ പുത്തേടത്ത് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം,” എന്നു പറഞ്ഞ് സിദ്ദിഖ് കഥാപാത്രത്തെ കുഴിയിൽ ചാടിക്കുന്നതും സുരേഷ് കൃഷ്ണയുടെ കൺവിൻസിങ് കഥാപാത്രമാണ്.
ആളുകളെ പറഞ്ഞ് മനസിലാക്കാൻ സുരേഷ് കൃഷ്ണക്ക് നന്നായി അറിയാമെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം. ഇതോടെ സുരേഷ് കൃഷ്ണ കണ്‍വിന്‍സിങ് സ്റ്റാറായി. ഇതുമായി ബന്ധപ്പെട്ട രസകരമായ ട്രോളും ‘കണ്‍വിന്‍സിങ് സ്റ്റാര്‍’ എന്ന പദവിയും ആസ്വദിക്കുകയാണ് സുരേഷ് കൃഷ്ണ.
സോഷ്യൽ മീഡിയയിൽ കണ്‍വിന്‍സിങ് സ്റ്റാര്‍ ഒരു ചർച്ചയാകുമ്പോൾ ഒരു രസകരമായ പോസ്റ്റും സുരേഷ് കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. തന്റെതന്നെ ചിത്രത്തിനോടൊപ്പം ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന കുറിപ്പും വൈറലാണ്. ഇതിന് മറുപടിയായി ‘ഒകെ ഞാൻ കൺവിൻസിങ് ആയി!’ എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്, ടോവിനോ തോമസ്, രമേശ് പിഷാരടി എന്നിവരും എത്തിയിരുന്നു.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ചിത്രം ‘മരണമാസ്’ ടീമിന്റെ രസകരമായ വിഡിയോയാണ്. ബോസിൽ നായകനായി എത്തുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ശിവപ്രസാദ്, അഭിനേതാക്കളായ രാജേഷ് മാധവന്‍, സിജു സണ്ണി എന്നിവരാണ് ഈ വിഡിയോയിലുള്ളത്. കണ്‍വിന്‍സിങ് സ്റ്റാര്‍ പൂര്‍ണമായും കണ്‍ഫൂസ്ഡ് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്ത് തടിതപ്പുന്നതാണ് വിഡിയോയിൽ കാണാനാവുക..
എന്തായാലും കൺവിൻസിങ് സ്റ്റാറുമായി ബന്ധപ്പെട്ട ട്രോളുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. കഴിഞ്ഞ കുറെ നാളുകൾ ദുബായ് ജോസ് ഭരിച്ചിരുന്ന സോഷ്യൽ മീഡിയ ഇപ്പോൾ ഭരിക്കുന്നത് ഈ കൺവിൻസിങ് സ്റ്റാറാണ്.
STORY HIGHLIGHT: convincing star suresh krishna