തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബർ രണ്ടു മുതൽ 18വരെ നടത്തും. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തിൽ 100 സാക്ഷികളിൽ 95 പേരെ വിസ്തരിക്കും.
ആദ്യഘട്ടം ഡിസംബർ 2 മുതൽ 18 വരെയും രണ്ടാം ഘട്ടം ജനുവരിയിലും നടക്കും. പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക. രണ്ടു മുതൽ ആറു വരെയുള്ള സാക്ഷികൾ സംഭവം നേരിൽ കണ്ടു എന്നാണ് പോലീസ് പറയുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടർ വകുപ്പ് നിയമം 184 എന്നിവ അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.
2019 ആഗസ്റ്റ് മൂന്നിനാണ് പ്രതി ശ്രീറാം വെങ്കിട്ടരാം ഐഎസ് ഓടിച്ച വാഹനമിടിച്ച് ബഷീർ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. തെളിവ് നശിപ്പിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്.