കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതിനു ശേഷം ആദ്യമായി പാർട്ടി പരിപാടിയിൽ പങ്കെടുത്ത് സിപിഎം നേതാവ് ഇ.പി ജയരാജൻ. മാധ്യമങ്ങൾ ദുഷ്പ്രചരണം നടത്തുന്നുവെന്നാരോപിച്ച് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് ഇ.പി ഉദ്ഘാടകനാവുന്നത്. നേരത്തെ ഈ പരിപാടിയുടെ ഉദ്ഘാടകനാരാണെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നില്ല.
കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം വീട്ടിൽ തുടരുകയായിരുന്നു ഇപി ജയരാജൻ. മറ്റ് നേതാക്കളുമായി സംസാരിക്കുകയോ പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. അഴീക്കോടൻ രാഘവൻ അനുസ്മരണ ചടങ്ങിലും പങ്കെടുത്തില്ലായിരുന്നു. 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇപി ഇപ്പോൾ പാർട്ടി വേദിയിലെത്തിയിരിക്കുന്നത്.
കണ്ണൂരിൽ ഇ.പി ജയരാജൻ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി അറിയിച്ച പല പരിപാടികളിലും അദ്ദേഹത്തിൻ്റെ പങ്കാളിത്തമുണ്ടായിരുന്നില്ല. എം.വി ജയരാജനടക്കം കണ്ണൂരിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറിനെ കണ്ട വിഷയത്തിലാണ് ഇ.പിക്ക് എൽ.ഡി.എഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടത്. തുടർന്നാണ് പാർട്ടി പരിപാടിയിൽ നിന്ന് ഇപി ജയരാജൻ പാർട്ടി വേദികളിൽ നിന്ന് വിട്ട് നിന്നത്.