Kerala

എം.എം ലോറൻസിന്‍റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകൽ; തീരുമാനമെടുക്കാൻ അഡ്വസൈറി കമ്മിറ്റി, മൂന്നു മക്കളും നാളെ ഹാജരാകണം

എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിൻ്റെ മൃതദേഹം വൈദ്യപഠനത്തിനായി ഏറ്റെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ കളമശേരി മെഡിക്കൽ കോളേജ് അഡ്വസൈറി കമ്മിറ്റി രൂപീകരിച്ചു. വിഷയത്തിൽ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കൾക്കും അറിയിപ്പ് നല്‍കി. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക.

പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. മെഡിക്കൽ കോളേജിന് വിട്ടുനൽകരുതെന്നാണ് മകൾ ആശ ആവശ്യപ്പെടുന്നത്.

ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം ഇന്നലെ നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറി. എന്നാൽ ഇത് മകളും ചെരുമകനും തടഞ്ഞതോടെ സ്ഥലത്ത് നേരിയ സംഘർഷമുണ്ടായി. ബന്ധുക്കളും പൊലീസും ഇവരെ പിടിച്ചുമാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുപോയത്.

കേരള അനാട്ടമി ആക്ട് പ്രകാരം വിഷയം പരിശോധിച്ച ശേഷമാകും മൃതദേഹം പഠന ആവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടു നൽകണമോ എന്ന് തീരുമാനിക്കുക. തീരുമാനം എതിരായാൽ മകൾ ആശ വീണ്ടും കോടതിയെ സമീപിച്ചേക്കും.

അതേസമയം, ക്രിസ്തീയ മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന സഹോദരിയുടെ ആവശ്യത്തിൽ താൻ തെറ്റൊന്നും കാണുന്നില്ല എന്നാണ് ലോറൻസിന്റെ മകൻ സജീവൻ പറയുന്നത്. ‘മുൻപേ നടന്ന ചില കാര്യങ്ങൾ കൂടി ഇതിൽ പരിശോധിക്കേണ്ടതുണ്ട്. ഇപ്പോഴുണ്ടായ വിവാദങ്ങൾക്ക് പിന്നിൽ ആർഎസ്എസ്- ബിജെപി സംഘടനകളിലെ ചില ആളുകൾ ഉണ്ടെന്നും തന്റെ സഹോദരിയെ അവർ ഒരു ടൂൾ ആക്കി മാറ്റി’യെന്നും സജീവൻ പറയുന്നു.

ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.