വാഷിങ്ടൺ: ലെബനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ബെയ്റൂത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി വിവിധ രാജ്യങ്ങൾ. അമേരിക്ക, ഫ്രാൻസ്, ജർമനി
എന്നീ രാജ്യങ്ങളാണ് ബെയ്റൂത്തിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കിയത്. ഗൾഫ് എയർലൈൻസ് ,എമിറേറ്റ്സ്, ഖത്തർ എയർവേയ്സ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ലെബനനിലുള്ള പൗരന്മാരോട് രാജ്യം വിടാൻ അമേരിക്ക നിർദേശിച്ചു. മിഡിൽ ഈസ്റ്റിലേക്ക് കൂടുതൽ സൈനികരെ അയക്കാൻ തീരുമാനിച്ചതായി യുഎസ് അറിയിച്ചു. സംഘർഷം വ്യാപിച്ച സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി മേഖലയിലെ സേനാ വിന്യാസം വർധിപ്പിക്കാൻ തീരുമാനിച്ചതായി പെന്റഗൺ പ്രസ് സെക്രട്ടറി മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു.
എത്ര സൈനികരെ അയക്കുമെന്നോ ഇവരുടെ ചുമതല എന്താണെന്നോ റൈഡർ വിശദമാക്കിയിട്ടില്ല. നിലവിൽ 40,000 യുഎസ് സൈനികർ മേഖലയിലുണ്ട്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂമാൻ തിങ്കളാഴ്ച വിർജീനിയയിലെ നോർഫോക്കിൽനിന്ന് പുറപ്പെട്ടതായാണ് റിപ്പോർട്ട്. യുദ്ധ കൂടുതൽ ശക്തിപ്പെടുകയാണെങ്കിൽ നിലവിൽ അറേബ്യൻ ഗൾഫിലുള്ള വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെയും യുഎസ് ഉപയോഗിച്ചേക്കും.
യുദ്ധം അവസാനിപ്പിക്കണമെന്ന് യുനിസെഫ് ആവശ്യപ്പെട്ടു. ഇന്ന് ബെയ്റൂത്ത് ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ലെബനൻ പൗരന്മാരോട് ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടെ 558 പേർ കൊല്ലപ്പെടുകയും 1,835 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്.