മലപ്പുറം: നിപ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലെ കണ്ടെയ്‌മെൻ്റ് സോണും പിൻവലിച്ചു. നിപ പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചത്.
കണ്ടൈൻമെന്റ് സോണുകൾ ആയിരുന്ന സ്ഥലത്തെ സ്കൂളുകൾ നാളെ തുറക്കും. തിരുവാലി പഞ്ചായത്തിലെ നാലു വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഒരു വാർഡിലും ആണ് കണ്ടൈൻമെന്റ് സോൺ ഏർപ്പെടുത്തിയിരുന്നത്.
അതേസമയം 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 94 പേരുടെ ക്വാറന്റയിൻ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക.
രോഗലക്ഷണങ്ങളുമായി ഒരാൾ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുണ്ട്. 28 പേർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. 24-കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.