കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് നാളെ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ഡല്‍ഹിയിലെ മുതിർന്ന അഭിഭാഷകനുമായി കൂടിയാലോചന നടത്തി.
സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കൈമാറി. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം എന്നാണ് സൂചന. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂൻകൂർ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മലയാളത്തിലെ പല ചലച്ചിത്ര താരങ്ങള്‍ക്കും എതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, സിദ്ദിഖിന് മാത്രമാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടത് എന്നതും ഒരു കാരണമായി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചേക്കും. ലൈംഗികാതിക്രമ കേസില്‍ മുമ്പ് കേരളത്തിലെ ഒരു പ്രമുഖ നടനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ തന്നെയാകും സിദ്ദിഖിന് വേണ്ടിയും ഹാജരാകുക എന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്‍റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.