ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിൽനിന്ന് ഭക്തർക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന പരാമർശത്തെത്തുടർന്നാണ് അറസ്റ്റ്.
തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വരക്ഷേത്രത്തിലെ പ്രസാദലഡുവിൽ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന വിവാദത്തേക്കുറിച്ച് ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് മോഹൻ വിവാദപരാമർശം നടത്തിയത്.
“പഞ്ചാമൃതത്തിൽ പുരുഷ ലൈംഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ വാർത്ത മുമ്പ് മറച്ചുവെയ്ക്കുകയായിരുന്നു. അതിനിടയാക്കിയ പഞ്ചാമൃതം പിന്നീട് നശിപ്പിക്കുകയും ചെയ്തു. നമ്മൾ തെളിവുകളില്ലാതെ സംസാരിക്കരുത്. പക്ഷേ, ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ജനന നിയന്ത്രണ ഗുളികകൾ ഹിന്ദുക്കൾക്കുമേലുള്ള ആക്രമണമാണെന്ന് അവിടെ ജോലിചെയ്യുന്നവർതന്നെ എന്നോട് പറഞ്ഞിട്ടുണ്ട്”, മോഹന്റെ വാക്കുകൾ ഇങ്ങനെ.
തുടർന്ന് സംവിധായകനെതിരെ തമിഴ്നാട് സർക്കാർ നടപടി എടുക്കുകയായിരുന്നു. സെപ്റ്റംബർ 24ന് രാവിലെ ചെന്നൈ കാസിമേട്ടിലെ വസതിയിൽ വച്ച് മോഹനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
‘പഴയ വണ്ണാരപ്പേട്ടൈ’, ‘ദ്രൗപതി’, ‘രുദ്ര താണ്ഡവം’, ‘ബകാസുരൻ’ എന്നീ തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മോഹൻ ജി.
അതേസമയം, മോഹന്റെ അറസ്റ്റിനെതിരെ ബി.ജെ.പി നേതാവ് അശ്വത്ഥാമൻ അല്ലിമുത്തു പ്രതികരണവുമായെത്തി. മോഹൻ ജിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് അശ്വഥാമൻ പറഞ്ഞു. അറസ്റ്റിൻ്റെ കാരണം സംവിധായകൻ്റെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.