വിനോദസഞ്ചാരികളുടെ ഒരു പറുദീസ തന്നെയാണ് ഇടുക്കി. നിരവധി ആരാധകരാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന എന്തൊക്കെ കാഴ്ചകളാണ് ഇവിടെയുള്ളതെന്ന് നോക്കാം.
.കൽവെരി മൗണ്ട്
തടിയമ്പാടുനിന്ന് തങ്കമണി വഴി കാമാക്ഷി പഞ്ചായത്തിലെ കാൽവെരിയിലെത്താം , കുന്നുകയറി വ്യൂ പോയൻ്റിലെത്തിയപ്പോൾ മഞ്ഞൊഴിഞ്ഞ പ്രഭാതത്തിൽ സൂര്യരശ്മിയൊരുക്കിയ നിറച്ചാർത്ത് ഒരു പുതിയ ദൃശ്യവിരുന്നാണ് കാണാൻ സാധിക്കുന്നത്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആണ് ഇത്
പാൽക്കുളംമേട്
കാനനപാത നടന്നുകയറി കാട്ടരുവിയിൽ മുഖം നനച്ചും കാടിൻ്റെ സംഗീതം നുകർന്നും അട്ടകടിയേറ്റുമുള്ള മലകയറ്റം പൂർത്തിയാവാൻ ഒന്നര മണിക്കൂറിലേറെയെടുക്കും. കാഴ്ചയുടെ പറുദീസ തന്നെയാണ് പ്രകൃതിയവിടെ ഒരുക്കിയിട്ടുള്ളത്. പച്ചപ്പട്ടു വിതച്ചതുപോലെ കണ്ണെത്താ ദൂരത്തോളം പുൽമേടുകളും തഴുകിത്തലോടി കടന്നുപോകുന്ന ഇളംകാറ്റും അഗാധ താഴ്‌വാരങ്ങളും തട്ടുതട്ടുകളായ മലനിരകളുടെ വിദൂര കാഴ്ചകളും അവർണനീയമെന്ന് പറയാതെ വയ്യ.
കുയിലിമല
ഇടുക്കി ജില്ലാ ഭരണ സിരാകേന്ദ്രങ്ങളും കേന്ദ്രീയ വിദ്യാലയവും എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി ധാരാളം സർക്കാർ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്. മൈക്രോ വേവ് വ്യൂ പോയിന്റ്, പട്ടിപ്പാറ (ഡോഗ് റോക്), വൈശാലിപ്പാറ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. .ഒരിടത്ത് വിദൂരതയിൽ ഇടുക്കി ഡാം ജലാശയം, മറ്റൊരിടത്ത് ആൾപൊക്കത്തിൽ വളർന്ന പുൽമേടുകളും അവയിൽ ഓളം തീർക്കുന്ന ഇടവേളകളില്ലാത്ത കാറ്റും അപകട മുനമ്പുകളും ഇനിയൊരിടത്ത് ഭീമാകാരം പൂണ്ട കരിമ്പാറകൾ… കാൽവെരി മൗണ്ടും പാൽക്കുളമേടും പാഞ്ചാലിമേടുമൊക്കെ ഒരിടത്ത് സമ്മേളിച്ച് കാഴ്ചയുടെ വർണ പ്രപഞ്ചമാണ് കുയിലിമല സമാനിക്കുന്നത്.
ഉപ്പുകുന്നിലെ ദൂരക്കാഴ്ച
ഉപ്പുകുന്ന് വ്യൂ പോയൻ്റെന്ന ദിശാസൂചിക കാണാം. ഉടുമ്പന്നൂർ പഞ്ചായത്തിലാണ് ഉപ്പുകുന്ന് വ്യൂ പോയിന്റ്. ഇരുവശങ്ങളിലും അഗാധ കൊക്കകൾ. നടുഭാഗത്തുള്ള മലമുകളിലൂടെ തൊടുപുഴക്കുളള ഇടറോഡ്. റോഡരികിലാണ് ഈ വ്യൂ പോയിന്റ്. മലയരികിൽ നിൽക്കുമ്പോൾ കൊക്കയെക്കുറിച്ച ജാഗ്രതാ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്.
മുറംകെട്ടിപ്പാറയിലെ സൂര്യാസ്തമയം
മുറംകെട്ടിപ്പാറ വ്യൂ പോയിന്റിലേക്ക് 300 മീ. ദൂരം മാത്രം. മലയോരത്തൊരു പാറക്കെട്ട്. ഒരു ചിത്രകാരൻ്റെ കാൻവാസിലെ മനോഹര ചിത്രം പോലെ പടിഞ്ഞാറൻ ചക്രവാളത്തിൽ നയന മനോഹര വർണ വിസ്മയം. ഒരു മലമുകളിലിരുന്ന് കാതങ്ങൾക്കപ്പുറത്ത്, മാമലകൾക്കപ്പുറത്ത് സൂര്യൻ കാണാമറയത്തേക്കില്ലാതാകുന്ന അവസ്മരണിയ കാഴ്ച.
STORY HIGHLIGHT; IDUKKI