Kerala

മുഖ്യമന്ത്രി ആർഎസ്എസിൻ്റെ ഏജൻ്റ്: വിമർശനവുമായി കെ. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി ആർഎസ്എസിൻ്റെ ഏജൻ്റാണെന്നും, എന്തിനാണ് ഒളിച്ചു കളിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. തൃശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെയും കോൺഗ്രസ് സമരം ചെയ്യുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡിജിപിക്ക് സംസ്ഥാനത്തെ പറ്റി ഒന്നും അറിയില്ല. തലസ്ഥാനത്ത് ​ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുമ്പോളും അജിത് കുമാർ വിലസുമ്പോളും മിണ്ടാതിരുന്നയാളാണ് ഡിജിപി. കാരണം മിണ്ടിയാൽ അദ്ദേഹത്തിൻ്റെ സ്ഥാനം തെറിക്കും.’- മുരളീധരൻ പറഞ്ഞു.

തൃശ്ശൂർ പൂരത്തിനിടെ രണ്ടു ദേവസ്വങ്ങളും ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ജുഡീഷ്യൽ അന്വേഷണമല്ലാതെ പോംവഴിയില്ല. പൂരം റിപ്പോർട്ട് അംഗീകരിക്കില്ല. പൂരത്തിനേക്കാൾ വലിയ വെടിക്കെട്ട് ഇപ്പോൾ നടക്കുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറ‌ഞ്ഞു.