ഈയടുത്ത കാലത്തായി കേരളത്തില്‍ ഫേമസ് ആയ ഒരു വിഭവമാണ് മോമോസ്. ചിക്കന്‍, വെജ്ജ്, ബീഫ് എന്നിങ്ങനെ പലതരം മോമോസുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ പുറത്ത് നിന്നും വാങ്ങി കഴിക്കുന്നതിനു പകരം വീട്ടില്‍ തന്നെ നമുക്ക് 10 മിനിറ്റില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. വീട്ടില്‍ എങ്ങനെ ഒരു അടിപൊളി ചിക്കന്‍ മോമോസ് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- മൈദ
- സവാള
- കാബേജ്
- ക്യാരറ്റ്
- വേവിച്ച് അരച്ചെടുത്ത ചിക്കന്‍
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
- പച്ചമുളക്
- കുരുമുളകുപൊടി
- മുളകുപൊടി
- മല്ലിയില
- സോയ സോസ്
- ഉപ്പ്
തയ്യാറാക്കുന്ന വിധം;
ഒരു പാത്രത്തിലേക്ക് മൈദ മാവ്, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പരുവത്തില്‍ മാവ് ആദ്യം കുഴച്ച് മാറ്റി തയ്യാറാക്കി വെയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞെടുത്ത സവാള, കാബേജ്, ക്യാരറ്റ്, വേവിച്ച് അരച്ചെടുത്ത ചിക്കന്‍ എന്നിവ ചേര്‍ത്ത് കൊടുത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചെറുതായി അരിഞ്ഞത്, കുരുമുളകുപൊടി, മുളകുപൊടി, മല്ലിയില, സോയ സോസ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക.
ഇനി നമ്മള്‍ തയ്യാറാക്കി മാറ്റിവെച്ചിരിക്കുന്ന മാവ്, ചപ്പാത്തി പലകയിലേക്കിട്ട് നല്ലതുപോലെ പരത്തിയെടുത്ത് വട്ടത്തില്‍ ഇതൊന്നു കട്ട് ചെയ്ത് എടുക്കുക. ശേഷം നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന മസാലക്കൂട്ട് ഇതിന്റെ നടുക്ക് വെച്ച് പ്രത്യേക രീതിയില്‍ ഒന്ന് ചുറ്റിചുറ്റി എടുക്കുക. ഇങ്ങനെ തയ്യാറാക്കി വെച്ചിരിക്കുന്ന മോമോസ് ഇഡ്ഡലി തട്ടിലേക്ക് വെച്ച് 10 മിനിറ്റ് ആവിയില്‍ വേവിച്ച് എടുക്കുക. നല്ല രുചികരമായ ചിക്കന്‍ മോമോസ് തയ്യാര്‍.
STORY HIGHLIGHTS: Chicken Momos Recipe