തെഹ്‌റാൻ: ഇസ്രായേൽ ആക്രമണത്തിൽ ഹിസ്ബുല്ലയ്ക്ക് പിന്തുണ ഉറപ്പുനൽകി ഇറാൻ. ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഹിസ്ബുല്ല ഒറ്റയ്ക്കാകില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ലബനാനിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം.
ഇസ്രായേലിനെതിരെ ഒറ്റയ്ക്ക് പോരാടാൻ ഹിസ്ബുല്ലയ്ക്ക് കഴിയില്ല. പാശ്ചാത്ത്യ രാജ്യങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും എല്ലാവിധത്തിലുള്ള പിന്തുണയും ലഭിക്കുന്ന രാജ്യമാണ് ഇസ്രായേൽ. ഇവരെല്ലാം ഇസ്രായേലിനെ പ്രതിരോധിക്കുകയും പിന്തുണയ്ക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് ഒരു അഭിമുഖത്തിൽ മസൂദ് പെസഷ്കിയൻ പറഞ്ഞു.
ലബനാനെ മറ്റൊരു ഗസ്സയാക്കാൻ അന്താരാഷ്ട്ര സമൂഹം അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വാർഷിക യുഎൻ ജനറൽ അസംബ്ലിക്കായി ന്യൂയോർക്കിലെത്തിയപ്പോൾ ഇസ്രായേലിനെതിരെ ഐക്യരാഷ്ട്രസഭ നിഷ്ക്രിയമായി തുടരുന്നതിനെ താൻ അപലപിച്ചെന്നും മിഡിൽ ഈസ്റ്റിൽ ഉടനീളം സംഘർഷം വ്യാപിക്കുന്നതിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ യുദ്ധക്കൊതിയുമായി നടക്കുകയാണെന്നാണ് ഇറാൻ പ്രസിഡന്റ് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. യുഎൻ വാർഷിക പൊതുസഭയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ആഗോളതലത്തിൽ ഒരാൾക്കും അതു ഗുണമാകില്ലെന്ന് മറ്റാരെക്കാളും ഞങ്ങൾക്ക് അറിയാം. ഇവിടെ ഇസ്രായേലാണ് ആക്രമണം വിപുലമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ 100 വർഷത്തിനിടെ ഇറാൻ ഒരു യുദ്ധത്തിനും തുടക്കം കുറിച്ചിട്ടില്ല. എന്നാൽ, ഇറാന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയുയർത്താൻ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നും മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, അടുത്തിടെ ഹിസ്ബുല്ലയുടെ പേജറുകളും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 39 പേർ കൊല്ലപ്പെടുകയും 3,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഇറാൻ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിച്ചു. എന്നാൽ, സ്ഫോടനത്തിന് പിന്നിൽ പങ്കുണ്ടെന്നോ ഇല്ലെന്നോ പ്രതികരിക്കാൻ ഇസ്രായേൽ ഇതുവരെ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെ ഹിസ്ബുല്ല ഇസ്രായേലിനെതിരെ റോക്കറ്റാക്രമണം നടത്തിയിരുന്നു. മറുപടിയായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.