തിരുവനന്തപുരം: വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചിൽ പങ്കെടുക്കാൻ സമ്മതപത്രം നൽകുന്നതിനുള്ള സമയപരിധി നീട്ടി. സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്ത് സംഭാവന നൽകുന്നതിന് അനുമതി നൽകി ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങി.
ആഗസ്ത് മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യാനായിരുന്നു നേരത്തെ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്. പല ജീവനക്കാർക്കും സമ്മതപത്രം നൽകാൻ സാധിച്ചില്ലെന്നും സമയ പരിധി നീട്ടി നൽകണമെന്ന നിവേദനം ലഭിച്ചുവെന്നുമാണ് പുതിയ ഉത്തരവ് ഇറക്കിയതിന് ന്യായികരണമായി സർക്കാർ പറയുന്നത്.
കഴിഞ്ഞ ആഗസ്റ്റ് 16നാണ് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായുള്ള സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കിയത്. ‘റീബിൽഡ് വയനാട്’ പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിരുന്നത്. സാലറി ചലഞ്ച് വഴി കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. തുക നൽകുന്നവർ പരമാവധി മൂന്ന് ഗഡുക്കളായി നൽകണം. അഞ്ചിൽ കൂടുതൽ ദിവസം സംഭാവന നൽകുന്നവർ ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം നൽകണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.