ന്യൂഡൽഹി: രാജ്യത്തു തുടർച്ചയായി സംഭവിച്ച ട്രെയിനപകടങ്ങൾ ഉൾപ്പെടെ വിഷയങ്ങളിൽ രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകാൻ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റെയിൽവേ ബോർഡ് ചെയർമാനോടു നിർദേശിച്ചു. ഇന്നലെ നടന്ന യോഗത്തിൽ പ്രതിപക്ഷ എംപിമാർ ഉയർത്തിയ ആശങ്കയോടു ചില ബിജെപി എംപിമാരും യോജിച്ചു.
തുടർച്ചയായ അപകടങ്ങൾക്കു പിന്നിലെ സാങ്കേതിക പ്രശ്നം, ഗൂഢാലോചനസാധ്യത, അപകടങ്ങൾ കൂടുന്നതിന്റെ കാരണം തുടങ്ങിയവ വ്യക്തമാക്കുന്ന റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചത്. കേരളത്തിൽ ട്രെയിൻ തട്ടിയുള്ള മരണം കൂടുന്നതിന്റെ കാരണവും വ്യക്തമാക്കാൻ ആവശ്യപ്പെട്ടതായാണു വിവരം. വന്ദേഭാരത് ഉൾപ്പെടെ ട്രെയിനുകൾക്കു സൗകര്യമൊരുക്കാൻ സാധാരണ ട്രെയിനുകളുടെ സമയക്രമത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതും മുന്തിയ വിഭാഗം ട്രെയിനുകൾക്കു വേണ്ടി പാസഞ്ചറുകൾ സമയം പാലിക്കാത്തതും റിസർവ് സീറ്റുകൾ കൂട്ടുന്നതും സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി ചിലർ ചൂണ്ടിക്കാട്ടി.
തെക്കൻ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടും വിധം ചരക്ക് ഇടനാഴിക്കുള്ള സാധ്യത പരിഗണിക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. പിഎസി ചെയർമാൻ കെ.സി. വേണുഗോപാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാനും ഹാജരായിരുന്നു.