ഹരിദ്വാർ: മായം ചേർക്കാൻ സാധ്യതയുള്ള ലഡു പോലുള്ളവ ഒഴിവാക്കി ക്ഷേത്രങ്ങളിൽ കൽക്കണ്ടം, ഉണക്കമുന്തിരി, ഏലക്കായ തുടങ്ങിയവ ഭക്തർക്ക് പ്രസാദമായി നൽകാമെന്ന് സന്യാസി സംഘടനയായ അഖിൽ ഭാരതീയ അഖാര പരിഷത്ത് നിർദേശിച്ചു. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം. ലഡു തയാറാക്കാൻ ശുദ്ധമായ നെയ്യ് ആണ് ഉപയോഗിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റികളും സർക്കാരും ഉറപ്പുനൽകുന്നതുവരെ ഈ സമ്പ്രദായം തുടരണമെന്നും സംഘടനയുടെ പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരി പറഞ്ഞു.
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെന്ന വാർത്ത ലോകമെമ്പാടുമുള്ള ഭക്തരുടെ വികാരങ്ങളെ മുറിവേൽപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. മായം ചേർന്ന പ്രസാദം അറിയാതെ കഴിച്ചിട്ടുണ്ടാകാമെന്ന തോന്നലുള്ളവർക്ക് ഗംഗാജലമോ ഗോമൂത്രമോ സേവിച്ച് ശുദ്ധിവരുത്താമെന്നും പറഞ്ഞു.
അതേസമയം, തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനികൾ പുറത്തിറക്കുന്ന നെയ്യ് ഭക്ഷ്യസുരക്ഷാ ലാബുകളിൽ പരിശോധിക്കാൻ കർണാടക തീരുമാനിച്ചു. മായം ചേർക്കുന്ന ബ്രാൻഡുകളുടെ ഉൽപാദനവും വിൽപനയും നിരോധിക്കും. ദേവസ്വത്തിന്റെ ക്ഷേത്രങ്ങളിൽ കർണാടക മിൽക് ഫെഡറേഷന്റെ നന്ദിനി നെയ്യ് നിർബന്ധമാക്കുകയും ചെയ്തു.