ഏത് പ്രായത്തിൽ ഉള്ള ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്ര അണുബാധ. പുരുഷന്മാരെക്കാളും പൊതുവെ മൂത്ര അണുബാധയ്ക്ക് സാധ്യത കൂടുതൽ സ്ത്രീകളിലാണ്. ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ ദോഷകരമായ സൂക്ഷ്മാണുക്കളുടെയോ രോഗാണുക്കളുടെയോ വളർച്ചയാണ് ഈ അണുബാധകൾക്കുള്ള പ്രധാന കാരണം.
എന്താണ് മൂത്ര അണുബാധ
മനുഷ്യ ശരീരത്തിൽ രണ്ട് വൃക്കകൾ ആണുള്ളത്. ഈ രണ്ടു വൃക്കകളിൽ നിന്നും മൂത്ര വാഹിനികുഴൽ (ureter) വഴി വയറിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന മൂത്രാശയത്തിലേക്ക് (urinary bladder) മൂത്രം സംഭരിക്കുന്നു. ഇങ്ങനെ സംഭരിച്ച മൂത്രം മൂത്രാശയത്തിൽ നിന്നും മൂത്രനാളി(urethra)യിലൂടെ വിസർജിക്കപ്പെടുന്നു. ഈ അവയവങ്ങളിൽ, അതായത് വൃക്ക, മൂത്ര വാഹിനികുഴൽ, മുത്രാശയം, മൂത്രനാളി ഇവയിൽ ഉണ്ടാകുന്ന അണുബാധയെയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ അഥവാ മൂത്ര സംബന്ധമായ അണുബാധ എന്ന് പറയുന്നത്. അണുബാധ ഏത് അവയവത്തെ ആണോ കൂടുതൽ ബാധിക്കുന്നത് അതിനനുസരിച്ച് ആയിരിക്കും ലക്ഷണങ്ങൾ ഉണ്ടാവുക.
അണുബാധയുടെ കാരണങ്ങള്‍
സ്ത്രീക്ക് മൂത്രനാളത്തിന്‍റെ നീളം അല്പം കുറവാണ് കൂടാതെ, മൂത്രനാളത്തിന്‍റെ വളരെ അടുത്ത് തന്നെ യോനീനാളവും മലദ്വാരവും സ്ഥിതി ചെയുന്നത് ഈ ഭാഗത്തെ അണുക്കൾ വർധിക്കാൻ കാരണമാകുന്നു. പ്രധാനമായും യഥാസമയം മൂത്രമൊഴിക്കാതെ മൂത്രം പിടിച്ച് വെയ്ക്കുന്നത്, ശരിയായ അളവിൽ വെള്ളം കുടിക്കാത്തത്, ലൈംഗികബന്ധസമയത്തുള്ള വൃത്തിഹീനത, പ്രമേഹം, മൂത്രാശയത്തിലോ കിഡ്നിയിലോ ഉണ്ടാകുന്ന തടസങ്ങള്‍ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും മൂത്രത്തിൽ അണുബാധയുണ്ടാക്കാം.
പ്രധാന ലക്ഷണങ്ങള്‍
മൂത്രമൊഴിക്കുമ്പോള്‍ ഉള്ള നീറ്റലും പുകച്ചിലും, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, അടിവയറ്റിലും നടുവിന് ചുറ്റുമുള്ള വേദന, ഓക്കാനവും ഛര്‍ദ്ധിയും, വിറയലോട് കൂടിയ പനി, മൂത്രത്തിൽ രക്തം, ദുർഗന്ധമുള്ള മൂത്രം, മൂത്രം ഒഴിക്കുമ്പോൾ തടസ്സം നേരിടുക ഇങ്ങനെ പല ലക്ഷണങ്ങളും ലക്ഷണങ്ങൾ ഇല്ലാതെയും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടാകാം.
പ്രതിരോധം
ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തിലെ അണുബാധ ഉണ്ടാകാതിരിക്കാനും ശരിയായി ചികിത്സിക്കാനും സഹായിക്കുന്നു. കൂടുതൽ വെള്ളം കുടിക്കുന്നത് മൂത്രത്തെ നേർപ്പിക്കാനും കൂടുതൽ തവണ മൂത്രമൊഴിക്കുന്നതിലൂടെ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ അകറ്റാനും സാധിക്കുന്നു. അണുബാധയെ ചേർക്കുന്നതിന് ലൈംഗിക ശുചിത്വം വളരെ പ്രധാനമാണ്. മലവിസർജനത്തിനുശേഷം മുന്നിൽ നിന്ന് പിന്നോട്ടായിരിക്കണം സ്വകാര്യഭാഗം വൃത്തിയാക്കേണ്ടത്. കഴിവതും മൂത്രം പിടിച്ചു വെയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക.
യൂറിൻ കൾച്ചർ, മൂത്രത്തിൻ്റെ സാമ്പിൾ പരിശോധനയിലൂടെയും മൂത്രനാളിയിലെ അണുബാധയുടെ രോഗനിർണയം നടത്താം.
STORY HIGHLIGHT: Urinary Tract Infection