യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പൊലീസ് തിരയുന്ന നടന് സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓണായി. ഇന്നലെ മുതല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്ന ഫോണ്‍ ഇന്നു രാവിലെ മുതലാണ് ഓണായത്. എന്നാല്‍ ഇതില്‍ വിളിച്ചവര്‍ക്കെല്ലാം, എന്‍ഗേജ്ഡ് സന്ദേശമാണ് ലഭിച്ചത്. ഫോണിന്റെ ലൊക്കേഷന്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഫോണ്‍ സിദ്ദിഖിന്റെ പക്കല്‍ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ഉപയോഗിക്കുന്നത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. ലൊക്കേഷന്‍ വിവരങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ വ്യക്തത വരുത്താനാണ് ശ്രമത്തിലാണ് പൊലീസ് സംഘം.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സിദ്ദിഖിന്റെ ഫോണുകള്‍ ഓഫ് ആയത്. അതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പൊലീസിനായിട്ടില്ല. സിദ്ദിഖിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കൊച്ചി വിമാനത്താവളത്തിനു സമീപമായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനു ശേഷം മൊബൈല്‍ ഫോണുകള്‍ ഓഫ് ആയതിനാല്‍ പൊലീസിനു വിവരം ലഭിച്ചിട്ടില്ല. അതേസമയം സിദ്ദിഖിനെ കണ്ടെത്താന്‍ സിനിമാ രംഗത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്, പൊലീസ് സംഘം.
ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഇരുപത്തിനാലു മണിക്കൂറോളം പിന്നിട്ടിട്ടും നടനെക്കുറിച്ച് സൂചനയൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്നലെ വരുമെന്ന് അറിവുണ്ടായിട്ടും പൊലീസ് മുന്‍കരുതല്‍ നടപടികള്‍ എടുത്തില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം ഉടന്‍ അറസ്റ്റ് എന്നൊരു സാധ്യത ഈ കേസില്‍ പരിഗണിച്ചിട്ടില്ലെന്ന്, അന്വേഷണ സംഘത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.