കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും പ്രശസ്ത കായിക കമ്പനിയായ ഡെക്കാത്ലണുമായി ചേര്‍ന്ന് നടപ്പാക്കുന്ന കായികോപകരണ വിതരണ പദ്ധതിയ്ക്ക് തുടക്കം. ആദ്യ ഘട്ടം 80 സ്‌കൂളുകള്‍ക്ക് കായികോപകരണങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജനുവരിയില്‍ നടന്ന കായിക ഉച്ചകോടിയില്‍ ഡെക്കാത്ലണുമായി ഉണ്ടാക്കിയ ധാരണ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു സ്‌കൂള്‍ ഒരു ഗെയിം എന്നത് ഉച്ചകോടിയ്ക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശമായിരുന്നു. അതുപ്രകാരം, ഓരോ കായിക ഇനത്തിലും മികവ് കാണിക്കുന്ന സ്‌കൂളിനെ തെരഞ്ഞെടുത്ത്, അതത് കായിക ഇനത്തിന് വേണ്ട കായികോപകരണങ്ങള്‍ ഡെക്കാത്ലോണ്‍ വിതരണം ചെയ്യുകയാണ്. സ്‌കൂളിന്റെ പ്രകടനം വിലയിരുത്തി വരും വര്‍ഷങ്ങളിലും പദ്ധതി തുടരും. ഒപ്പം കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ.എ.എസ് അദ്ധ്യക്ഷനായിരുന്നു. സ്പോട്സ് ഡയറക്ടര്‍ വിഷ്ണുരാജ് പി ഐ.എ.എസ് സ്വാഗതം പറഞ്ഞു. സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, നഗരസഭ കൗണ്‍സിലര്‍ മാധവദാസ് ജി, പൊതു വിദ്യാഭ്യാസ വകുപ്പ് സ്പോട്സ് ഓര്‍ഗനൈസര്‍ ഡോ. പ്രദീപ് സി. എസ്., മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് കെ. വി., പി ടി എ പ്രസിഡന്റ് സുരേഷ് കുമാര്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു.