അടുക്കളയില്‍ നിന്ന് വിശാലമായി ആഹാരം പാകം ചെയ്യാന്‍ സമയമില്ലാത്തവര്‍ തിരഞ്ഞെടുക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ഓപ്ഷന്‍ ആണ് ബ്രഡും ജാമും. ബ്രഡ് നമ്മള്‍ കടയില്‍ നിന്നും വാങ്ങും, അതോടൊപ്പം തന്നെ ജാമും വാങ്ങും. എന്നാല്‍ കടയില്‍ നിന്നും ഇനി ജാം വാങ്ങി കഴിക്കേണ്ട. വീട്ടില്‍ തന്നെ വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് എങ്ങനെ രുചികരമായ ജാം തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. തക്കാളി ജാം ആണ് നമ്മള്‍ ഇന്ന് തയ്യാറാക്കാന്‍ പോകുന്നത്.
ആവശ്യമായ ചേരുവകള്‍;
- തക്കാളി
- എള്ള്
- പഞ്ചസാര
- വിനാഗിരി
- ഉപ്പ്
തയ്യാറാക്കുന്ന വിധം;
ഇതിനായി പുളിയില്ലാത്ത നല്ല പഴുത്ത തക്കാളി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് മിക്‌സിയിലിട്ട് നല്ലപോലെ ഒന്ന് അടിച്ചെടുക്കുക. ശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് അരിക്കണം. കട്ടകള്‍ ഒന്നുമില്ലാത്ത രീതിയില്‍ വേണം ഇത് അരിച്ചെടുക്കാന്‍. ശേഷം ഒരു കടായിയിലേക്ക് അല്‍പം എള്ള് നല്ലപോലെ വറുത്ത് മാറ്റിവെയ്ക്കുക. ഇനി തക്കാളിയുടെ പേസ്റ്റും അതേ കടായി തന്നെ നല്ലപോലെ ഒന്ന് വേവിച്ച് തിളപ്പിച്ച് എടുക്കണം. അടച്ചുവെച്ച് വേണം ഇത് വേവിക്കാന്‍.
ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേര്‍ത്ത് നല്ലതുപോലെ ഇളക്കി വീണ്ടും അടച്ചുവെച്ച് വേവിക്കുക. പഞ്ചസാരയുടെ വെള്ളം വറ്റുന്നത് വരെ വേവിക്കണം. ശേഷം ഇതിലേക്ക് ഉപ്പ്, വിനാഗിരി, വറുത്ത് മാറ്റി വെച്ചിരിക്കുന്ന എള്ള് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് യോജിച്ചെടുക്കണം. നല്ല രുചികരമായ ഹോം മെയ്ഡ് ജാം തയ്യാര്‍.
STORY HIGHLIGHTS: Tomato jam recipe