പണ്ടുകാലത്ത് ചെറിയ കടകളില്‍ ചില്ലു കുപ്പികളില്‍ ഇരിക്കുന്ന കപ്പലണ്ടി മിഠായികള്‍ ഇന്ന് പലര്‍ക്കും നൊസ്റ്റാള്‍ജിയ ആണ്. ഇന്ന് കടകളില്‍ ചെന്നാല്‍ പാക്കറ്റുകളില്‍ ആണ് ഈ കപ്പലണ്ടി മിഠായി കിട്ടുന്നത്. കപ്പലണ്ടി മിഠായി ഇനി കടകളില്‍ നിന്നും വാങ്ങി കഴിക്കേണ്ട, പകരം വീട്ടില്‍ തന്നെ നമുക്ക് തയ്യാറാക്കാന്‍ പറ്റും. വളരെ കുറഞ്ഞ ചെലവില്‍ കുറച്ചു സമയം മാത്രം എടുത്ത് നമുക്ക് എങ്ങനെ കപ്പലണ്ടി മിഠായി തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍;
- കപ്പലണ്ടി
- ശര്‍ക്കര
- ബേക്കിംഗ് സോഡ
തയ്യാറാക്കുന്ന വിധം;
ഇതിനായി ഒരു കടായിയിലേക്ക് കുറച്ച് കപ്പലണ്ടി ഇട്ട് വറുത്തെടുക്കുക. വറുത്തുവന്ന കപ്പലണ്ടിയുടെ പുറംതൊലി നല്ല പോലെ ഒന്ന് മാറ്റി കൊടുക്കുക. ശേഷം മറ്റൊരു കടായിയിലേക്ക് അല്‍പം ശര്‍ക്കര കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് തിളപ്പിക്കുക. ഇത് ഒന്ന് അരിച്ചെടുത്ത് മാറ്റിവയ്ക്കണം. ഇനി ഇതിലേക്ക് അല്‍പം ബേക്കിംഗ് സോഡ കൂടി ചേര്‍ത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ചെടുക്കണം. ഒരു കട്ടി പരുവത്തിലേക്ക് അതിനെ വഴറ്റി എടുക്കാന്‍ ശ്രദ്ധിക്കണം.
ഈ സമയത്ത് നമ്മള്‍ വറുത്ത് മാറ്റി വെച്ചിരിക്കുന്ന കപ്പലണ്ടിയെടുത്ത് ഈ ശര്‍ക്കര മിശ്രിതത്തിലേക്ക് ചേര്‍ത്തു കൊടുത്ത് നല്ലപോലെ മിക്‌സ് ചെയ്ത് എടുക്കണം. ഇനി നമ്മള്‍ ഇത് സെറ്റ് ചെയ്യാനായി മറ്റൊരു ട്രേയിലേക്ക് ഫോയില്‍ പേപ്പറില്‍ വെച്ച് പരത്തിയെടുക്കുക. ശേഷം ഇത് നമുക്ക് ഇഷ്ടമുള്ള ഷേയ്പ്പില്‍ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. വളരെ ടേസ്റ്റി ആയിട്ടുള്ള കപ്പലണ്ടി മിഠായി തയ്യാര്‍.
STORY HIGHLIGHTS: Kappalandi mittai recipe