ബെംഗളൂരു: ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദൗത്യം ലക്ഷ്യത്തിലെത്തിക്കാനായതില്‍ സംതൃപ്തിയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. കാണാതായ 2 പേര്‍ക്കായി ഗംഗാവലിപ്പുഴയില്‍ തെരച്ചില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകേഷ്, ജനഗന്നാഥന്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും അറിയിച്ചു.
അതേസമയം, ഷിരൂര്‍ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. പലതരത്തിലുള്ള വിമർശനങ്ങള്‍ വന്നിരുന്നു. രാജ്യം കണ്ട വലിയ രക്ഷാദൗത്യങ്ങളിൽ ഒന്നാണ് അർജുന് വേണ്ടി കർണാടക സർക്കാർ നടത്തിയതെന്നും കെ സി വേണുഗോപാൽ അഭിനന്ദിച്ചു. 71 ദിവസത്തെ പ്രയത്നത്തിനൊടുവിലാണ് ദൗത്യം ലക്ഷ്യം കണ്ടത്. കർണ്ണാടക സർക്കാറിൻ്റെ നിശ്ചയ ദാർഢ്യമാണ് വിജയത്തിലെത്തിച്ചത്. കർണാടക സർക്കാർ കാണിച്ചത് മികച്ച മാതൃകയെന്ന് എം കെ രാഘവൻ എംപിയും പ്രശംസിച്ചു. തെരച്ചിലിൻ്റെ മുഴുവൻ ചെലവും വഹിച്ചത് കർണാടക സർക്കാരാണ്. കേരളത്തിൻ്റെ നന്ദി അറിയിക്കുന്നുവെന്ന് എം കെ രാഘവൻ എംപി പ്രതികരിച്ചു.
content highlight: siddaramaiah-says-search-will-continue