കൊച്ചി: എറണാകുളം റൂറൽ നർകോട്ടിക്സ് സെൽ എഎസ്പി ആയിരിക്കെ സുജിത് ദാസിന്റെ നിർദേശ പ്രകാരം വ്യാജ ലഹരിമരുന്ന് കേസ് റജിസ്റ്റർ ചെയ്തെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി തള്ളി. പി.വി.അൻവർ എംഎൽഎ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ അച്ചടക്ക നടപടി നേരിടുന്ന സുജിത് ദാസിനെതിരെ 2018 ൽ റജിസ്റ്റർ ചെയ്ത കേസ് സംബന്ധിച്ചു മേയിൽ നൽകിയ ഹർജിയാണിത്.
വാഹനങ്ങളിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തെന്ന പേരിൽ എടത്തല പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതി സുനിൽ കുമാറിന്റെ ഭാര്യയാണു ഹർജി നൽകിയത്. എഎസ്പിയുടെ നിർദേശപ്രകാരം കെട്ടിച്ചമച്ച കേസാണിതെന്നാണു ഹർജിയിലെ ആരോപണം. കേസിലെ അഞ്ചാം പ്രതിയെ മദ്യപിച്ചു വാഹനമോടിച്ചതിനു എടത്തല പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. തുടർന്ന് എഎസ്പിയുടെ നിർദേശപ്രകാരം ലഹരിമരുന്ന് കേസാക്കുകയായിരുന്നെന്നാണ് ആരോപണം. കേസിലെ പ്രതികളെ എഎസ്പി ക്രൂരമായി മർദിച്ചെന്നും അറിയിച്ചു. എന്നാൽ ഹർജിക്കാരിക്ക് ഇത് തെളിയിക്കാനായിട്ടില്ലെന്നു വിലയിരുത്തിയാണ് ഹർജി തളളിയത്.