Kerala

ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്‍റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന; ഫലം ഇന്ന് തന്നെ ലഭ്യമാക്കാൻ ശ്രമം

അങ്കോല: ഇന്നലെ ഡ്രഡ്ജർ തെരച്ചിലിൽ കണ്ടെത്തിയ അർജുൻ ഓടിച്ച ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധ ഫലം ഇന്ന് തന്നെ ലഭ്യമാക്കാൻ ശ്രമം. അർജുൻ്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അർജുൻ്റെ ലോറി ഇന്ന് ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൽ ഭാഗം വിശദമായി പരിശോധിക്കും. ഇന്നലെ 10 മണിയോടെയാണ് ഡ്രഡ്ജർ കമ്പനിയുടെ മുങ്ങൽ വിദഗ്ധർ അർജുൻ്റെ ലോറിയുടെ ഭാഗം നദിയുടെ അടിത്തട്ടിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ലോറി ഉയർത്തുകയായിരുന്നു.

കരയിൽ നിന്ന് 65 മീറ്റർ അകലെയാണ് ലോറി കണ്ടെത്തിയത്. അപകടം നടന്ന് 71ാം ദിവസമാണ് ലോറി കണ്ടെത്തുന്നത്. ലോഹഭാഗത്തിന്റെ സിഗ്നൽ ലഭിച്ച സിപി രണ്ട് പോയിന്‍റില്‍ നടത്തിയ തിരച്ചിലിലാണ് 12 മീറ്റര്‍ ആഴത്തില്‍ നിന്നും ലോറി ഉയര്‍ത്തിയെടുത്തത്.

പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലാണ് ലോറി കണ്ടെത്തുന്നതിൽ നി‌ർണായകമായത്. രാവിലെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ പരിശോധന നടത്തിയപ്പോൾ വലിയ വാഹന ഭാഗം കണ്ടെത്തിയിരുന്നു. പിന്നാലെ അണ്ടർവാട്ടർ കാമറയുടെ സഹായത്തോടെ ചിത്രം പകർത്തി ലോറിയെന്ന് ഉറപ്പുവരുത്തി. വീണ്ടും കൂടുതൽ മുങ്ങൽ വിദ​ഗ്ധർ ഇവിടം പരിശോധിച്ചു. പിന്നാലെയാണ് ലോറി ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്.

ജൂലൈ 16ന് രാവിലെയാണ് ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് അർജുനടക്കം11 പേരെ കാണാതായത്. 8 പേരുടെ മൃതദേഹം ലഭിച്ചെങ്കിലും അർജുനെയും ഷിരൂർ സ്വദേശി ജഗന്നാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥയും പുഴയിൽ നിന്നും മണ്ണ് നീക്കാനും സാധിക്കാതെ വന്നതിനാലും തിരച്ചിൽ ദിവസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ആഗസ്ത് പതിനാറിന് ഷിരൂരിലെ തെരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് അർജുന്‍റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തെരച്ചിലിന് അഭ്യർത്ഥിച്ചതിന് പിന്നാലെയാണ് തെരച്ചിൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെയാണ് ഷിരൂരില്‍ ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തിയത്.