കൊച്ചി: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ പ്രസംഗിച്ചെന്ന സംഭവത്തിൽ പൊലീസിന്റെ റഫർ റിപ്പോർട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി 30ന് പരിഗണിക്കാൻ മാറ്റി. അഭിഭാഷകനായ എം.ബൈജു നോയൽ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു പരിഗണിച്ചത്. 2022 ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഈ സംഭവത്തിൽ അന്വേഷണം നടത്തിയ കീഴ്‌വായ്പൂര് സ്റ്റേഷൻ ഹൗസ് ഓഫിസർ സാക്ഷി മൊഴികൾ പോലും രേഖപ്പെടുത്താതെയാണ് റഫർ അന്തിമ റിപ്പോർട്ട് നൽകിയതെന്നു ഹർജിയിൽ അറിയിച്ചു. സജി ചെറിയാന്റെ ശബ്ദ സാംപിളെടുത്തില്ല, പ്രസംഗം അടങ്ങുന്ന പെൻഡ്രൈവിന്റെ ഫൊറൻസിക് പരിശോധനയുടെ റിപ്പോർട്ടിനും കാത്തില്ല. അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.