ന്യൂഡൽഹി: കൊൽക്കത്തയിൽ പിജി ഡോക്ടറെ ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിൽ നിർണായക വഴിത്തിരിവ്. ആർ.ജി. കർ മെഡിക്കൽ കോളജിൽ കഴിഞ്ഞ മാസം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ സുപ്രധാന രേഖകളിൽ ചിലത് താലാ പൊലീസ് സ്റ്റേഷനിൽ തിരുത്തിയെന്നും ചിലത് വ്യാജമായി സൃഷ്ടിച്ചു കൂട്ടിച്ചേർത്തെന്നുമാണ് കൊൽക്കത്തയിലെ പ്രത്യേക കോടതിയിൽ സിബിഐ അറിയിച്ചത്.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൊൽക്കത്തയിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടിയിൽ വിശദപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. താലാ പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത് മണ്ഡലിനെയും ആർ.ജി. കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പുതിയ വിവരങ്ങൾ കണ്ടെത്തിയത്. ഇരുവരെയും 30 വരെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കു മാറ്റി. മുഖ്യപ്രതി സഞ്ജയ് റോയിയെ സംഭവം നടന്നു പിറ്റേന്നു തന്നെ അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ വസ്ത്രങ്ങളും മറ്റും പിടിച്ചെടുക്കുന്നതിൽ 2 ദിവസത്തെ അനാവശ്യ കാലതാമസം ഉണ്ടായെന്നും അതുമൂലം സുപ്രധാന തെളിവുകൾ നഷ്ടമായെന്നും സിബിഐ ആരോപിച്ചു.