ബെയ്റൂത്ത്: ലബനാനു നേരെ വ്യാപക വ്യേമാക്രമണം തുടരുന്നതിനിടെ കരയുദ്ധത്തിനും മടിക്കില്ലെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ. രണ്ട് ഡിവിഷൻ സൈന്യത്തെ വടക്കൻ അതിർത്തിയിലേക്ക് വിന്യസിച്ചു. ദക്ഷിണ ലബനാനിലെ കൂട്ടക്കുരുതിക്കു പിന്നാലെ, ഉത്തര ഭാഗത്തേക്കുകൂടി വ്യോമാക്രമണം വ്യാപിപ്പിച്ച ഇസ്രായേൽ കരയുദ്ധത്തിനും നീക്കം തുടങ്ങി.
കരയുദ്ധ സാധ്യത പരിശോധിക്കാൻ പ്രതിരോധ മന്ത്രി യൊവ് ഗാലന്‍റ് സൈനിക മേധാവികളുമായി ചർച്ച നടത്തി. രണ്ടു ഡിവിഷൻ സൈന്യത്തെയാണ് ഇസ്രായേൽ പുതുതായല ലബനാൻ അതിർത്തിയിലേക്ക് വിന്യസിച്ചിരിക്കുന്നത്. ഇന്ന് വെളുപ്പിനും ലബനാനിൽ ഇസ്രായേൽ ആക്രമണം തുടർന്നു. കിഴക്കൻ ബേക്കാ താഴ്വരയിലെ നബീ ശീത്, യുനിൻ, അലി അൽ നഹ്രി, അൽഐൻ എന്നിവിടങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വെളുപ്പിന് നടന്ന വ്യോമാക്രമണം. ഇതിൽ 13 പേർ കൊല്ലപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ പകൽ നടന്ന ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും 223 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെൽ അവീവിലേക്ക് ഇന്നലെ ഹിസ്ബുല്ല മിസൈൽ തൊടുത്തത് ഇസ്രായേലിനെ ഞെട്ടിച്ചു. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്‍റെ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നൂറിലേറെ മിസൈലുകളാണ് ഇസ്രായേലിനു നേർക്ക് ഹിസ്ബുല്ല പുതുതായി അയച്ചത്. സിറിയൻ ഭാഗത്തുനിന്നും ഇറാഖിൽ നിന്നും ഡ്രോൺ ആക്രമണം ഉണ്ടായി. ഇറാഖിൽ നിന്ന് മൂന്ന് ഡ്രോണുകളാണ് ഇസ്രായേലിൽ പതിച്ചത്. ഇത് ഗൗരവത്തിലെടുക്കുമെന്നും ഉചിതമായ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേൽ സൈന്യം ഇറാഖിന് മുന്നറിയിപ്പ് നൽകി.
പ്രകോപന നടപടികൾ ഉപേക്ഷിക്കണമെന്ന് ഇറാഖ് സർക്കാർ രാജ്യത്തെ ഇസ്ലാമിക് പ്രതിരോധ സംഘത്തോട് ആവശ്യപ്പെട്ടു. ഇസ്രായേലിന്‍റെ ലബനാൻ ആക്രമണത്തെ ഈജിപ്ത്, ഇറാഖ്, ജോർഡൻ വിദേശകാര്യ മന്ത്രിമാർ അപലപിച്ചു. മേഖലയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രായേലെന്ന് അവർ കുറ്റപ്പെടുത്തി. ഹിസ്ബുല്ലക്ക് പിന്തുണയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രംഗത്തുവന്നു. ഇരുപക്ഷത്തോടും വെടിനിർത്താൻ അമേരിക്കയും ബ്രിട്ടനും ആവശ്യപ്പെട്ടു. അതേസമയം നയതന്ത്രനീക്കത്തിൽ കാര്യമായ പുരോഗതയൊന്നുമില്ല. അതിനിടെ, ഗസ്സയിൽ പിന്നിട്ട 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 53 പേർ. ബൈത് ലാഹിയ, നുസൈറാത്ത് അഭയാർഥി ക്യാമ്പ്, ഖിർബെത് അൽ അദാസ് പ്രദേശങ്ങളിലായിരുന്നു വ്യോമാക്രമണം.