തൃശൂർ പൂരം കലക്കലിൽ വീണ്ടും അന്വേഷണം. പൂരം കലക്കലിലെ എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ റിപ്പോർട്ട് സർക്കാർ തള്ളി. പുനരന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെ ഡിജിപിതല അന്വേഷണത്തിനും ശിപാർശ ചെയ്തു. പൂരം കലക്കലിൽ മറ്റൊരു അന്വേഷണം കൂടി വേണമെന്നും ശിപാർശയുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം വന്നേക്കും.
തൃശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തുടരന്വേഷണത്തിന്‍റെ സൂചന നൽകിയിരുന്നു. എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ ശിപാർശയോടുകൂടി ലഭിച്ചു എന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.ആഭ്യന്തര സെക്രട്ടറിയുടെ നിലപാടറിഞ്ഞശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് പിണറായി വ്യക്തമാക്കിയത്. പൂരം കലക്കലിൽ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന അങ്കിത്ത് അശോകിനേയും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളേയും കുറ്റപ്പെടുത്തിയാണ് എഡിജിപി എം.ആർ അജിത് കുമാർ റിപ്പോർട്ട് തയ്യാറാക്കിയത്.
സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയത്. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് അജിത് കുമാറിനെ കുറ്റപ്പെടുത്തിയുള്ള കുറിപ്പ് സഹിതമാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. അജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ സിപിഐക്ക് പൂർണ്ണ തൃപ്തി ഇല്ലാത്തതുകൊണ്ട് തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് ചുമതലപ്പെടുത്തിയേക്കും എന്ന് സൂചനയുണ്ടായിരുന്നു.