ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും. മംഗളൂരു ഫോറൻസിക് ലാബിലേക്ക് അയച്ച ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാർവാർ ജില്ലാ പൊലീസ് മേധാവി എം.നാരായണ പറഞ്ഞു. പുഴയിൽ നിന്ന് കരയിലേക്ക് മാറ്റിയ ലോറിയിൽ നിന്ന് അസ്ഥിഭാഗവും, വസ്ത്രങ്ങളും, മകനുള്ള കളിപ്പാട്ടങ്ങളും കണ്ടെത്തി.
ലോറിയുടെ ക്യാബിനിൽ നിന്ന് ലഭിച്ചത് അർജുന്റെ ശരീരഭാഗങ്ങളാണെന്ന് ഉറപ്പിക്കുമ്പോഴും നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് അനിവാര്യമാണ്. ഡിഎൻഎ പരിശോധന ഫലത്തിലൂടെ സ്ഥിരീകരിച്ചാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇതിനായി അർജുന്റെയും,ഷിരൂരിലുള്ള സഹോദരൻ അഭിജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ മംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു