സമൂഹമനസാക്ഷിയെ ഞെട്ടിച്ച, ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ നടത്തിയ ആള്‍കൂട്ട കൊലപാതകത്തിന് ഇരയായ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം ഗവര്‍ണര്‍ തടയണമെന്ന് ആവശ്യപ്പെട്ട് നിവേദനം.
സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് പരിഗണിച്ച യൂണിവേഴ്‌സിറ്റി ഭരണസമിതി(മാനേജിങ് കൗണ്‍സില്‍) ഭൂരിപക്ഷ അഭിപ്രായത്തിന്റെ മറവില്‍ യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിസി, മാനേജിങ് കൗണ്‍സില്‍ അംഗമായ ടി. സിദ്ദിഖ് MLA ഉള്‍പ്പടെ നാലുപേര്‍ വിയോജിച്ചപ്പോള്‍ മറ്റൊരു അംഗമായ സച്ചിന്‍ ദേവ് MLA ഉള്‍പ്പടെ 12 പേര്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ അന്വേഷണം പോലും സ്വാധീനിക്കപ്പെട്ടതായി ആക്ഷേപം നിലനില്‍ക്കെയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥന്മാരെ തിരിച്ചെടുക്കാനുള്ള യൂണിവേഴ്‌സിറ്റിയുടെ തീരുമാനം. വെറ്ററിനറി യൂണിവേഴ്‌സിറ്റി ഭരണസമിതിയുടെ തീരുമാനം അക്കാദമി സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക എന്നും, ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ലെന്നും, യൂണിവേഴ്‌സിറ്റിയുടെ തീരുമാനം തടഞ്ഞ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റിക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
വിസി, തീരുമാനം ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. കോളേജ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ തീരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് വിസി ഡോ:കെ.എസ്.അനില്‍ ഗവര്‍ണര്‍ക്ക് നല്‍കി. ഗവര്‍ണറുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമായിരിക്കും ഭരണസമിതി തീരുമാനം വിസി നടപ്പിലാക്കുന്നത്
CONTENT HIGHLIGHTS;Siddharth’s murder: Dean and Warden must stop the decision to enter the service