തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് താരൻ. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കൺ പോളകളിലെ കോശങ്ങൾ അടരുക, പോളകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്.
താരൻ അകറ്റാൻ സഹായിക്കും എന്ന തരത്തിലുള്ള വാഗ്ദാനങ്ങൾ നൽകുന്ന ഹെയർ കെയർ മാസ്ക്കുകളും പൊടിക്കൈകളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് പാരസ് ടോമർ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കറുവാപ്പട്ട പൊടിച്ചതിലേയ്ക്ക് അൽപം ആസിഡ് സിഡർ വിനാഗിരിയും, വെള്ളവും ചേർത്തിളക്കി തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിക്കുന്നത് താരൻ കുറയ്ക്കും എന്നാണ് പാരസിൻ്റെ വാദം.
ആപ്പിൽ സിഡർ വിനാഗിരി തലയോട്ടിയിലെ പിഎച്ച് ലെവൽ നിയന്ത്രിച്ചു നിർത്തുന്നതിനും, കറുവാപ്പട്ട മുടി വളർച്ചയ്ക്കും സഹായിക്കും എന്നാണ് പാരസ് പറയുന്നത്. ഇത് ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെ രക്തയോട്ടം വർധിക്കുന്നു, അങ്ങനെ താരൻ കുറയുന്നു. ഏഴ് ദിവസം തുടർച്ചയായി രാത്രിയിൽ ഇത് തലയിൽ പുരട്ടി ഉറങ്ങുന്നത് തലമുടിയുടെ സ്വഭാവികത നിലനിർത്തുമെന്നും പാരസ് വ്യക്തമാക്കുന്നു.
ആപ്പിൾ സിഡർ വിനാഗിരിയുടെ ആൻ്റി മൈക്രോബിയൽ, ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളാണ് തലയോട്ടിയിലെ പിഎച്ച് ലെവൽ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നത്. അതുപോലെ കറുവാപ്പട്ടയ്ക്ക് ആൻ്റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് താരൻ ഉണ്ടാക്കാൻ സാധ്യതയുള്ള ഫംഗസിനോട് പൊരുതുന്നു. മാത്രമല്ല മുടി പൊട്ടി പോകുന്നതും, വളരുന്നതിനും സഹായിക്കുമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.കപൂർ പറയുന്നു.
എന്നാൽ ഇതിന് വ്യക്തമായ തെളിവുകളൊന്നും ലഭ്യമല്ല. ആപ്പിൾ സിഡർ വിനാഗിരി നേരിട്ട് തലയോട്ടിയിൽ പുരട്ടുന്നതിനെ സംബന്ധിച്ച് ശാസ്ത്രീയ പഠനങ്ങളും ഉണ്ടായിട്ടില്ല. തലമുടിയിൽ അമിതമായി കറുവാപ്പട്ട ഉപയോഗിക്കുന്നതും നല്ലതല്ല. ഇത് തലയോട്ടിയിൽ അസ്വസ്ഥതയും, പൊള്ളുന്നതു പോലെയുള്ള സംവേദനവും, ചൊറിച്ചിലും, ചുവപ്പും ഉണ്ടാക്കാൻ സാധ്യതയുണ്ട്. ആപ്പിൾ സിഡഗർ വിനാഗിരിക്ക് രൂക്ഷമായ ഒരു ഗന്ധമുണ്ട്, ഇത് തലമുടിയെ ദുർഗന്ധപൂരിതമാക്കും.
ആപ്പിൾ സിഡർ വിനാഗിരിയും, കറുവാപ്പട്ടയും എല്ലാവർക്കും ഉപയോഗിക്കാൻ നല്ലതല്ല. അലർജി പോലെയുള്ളവ രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വിദഗ്ധ അഭിപ്രായം തേടാതെ ഇവ ഉപയോഗിച്ചു തുടങ്ങരുത്. അല്ലെങ്കിൽ അമിതമായ ഇവയുടെ ഉപയോഗം തലയോട്ടിയുടെയും മുടിയുടെ ആരോഗ്യം മോശമാക്കും.
താരൻ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട് എങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരെ കണ്ട് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിക്കുകയാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്.
content highlight: cinnamon-powder-apple-cider-vinegar-spray