കുവൈത്ത് പൗരന്മാർക്കുള്ള സമയപരിധി അടുത്തെത്തിയതോടെ ഷോപ്പിംഗ് മാളുകളിലെ ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ ഒക്ടോബർ ഒന്നിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് പൗരന്മാർക്ക് ഈ മാസം അവസാനവും പ്രവാസികൾക്ക് ഈ വർഷാവസാനവുമാണ് ബയോമെട്രിക് വിവരം നൽകാനുള്ള സമയപരിധി. സ്വദേശികൾ സെപ്റ്റംബർ 30 നും പ്രവാസികൾക്ക് ഡിസംബർ 31 നും മുമ്പായി വിവരം നൽകണം. മാളുകളിലെ ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകൾ അടയ്ക്കുന്നതോടെ ആഭ്യന്തര മന്ത്രാലയ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ബയോമെട്രിക് സൗകര്യമുണ്ടാകുക. ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ എട്ടു മുതൽ രാത്രി 10 വരെയായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി സഹ്ൽ ആപ്പ് വഴി അപേക്ഷിക്കണം.
സ്വദേശികളോടും വിദേശികളോടും ബയോമെട്രിക് രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കാലാവധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കുള്ള ഗവൺമെൻറ് സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം, സമയപരിധി അവസാനിക്കാനായിരിക്കെ ബയോമെട്രിക് സെന്ററുകളിലെത്തുന്നവരുടെ എണ്ണം വർധിച്ചതായി പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ലെഫ്റ്റനന്റ് കേണൽ ഹമദ് ജാസിം അൽ ഷമ്മരി പറഞ്ഞു. പ്രതിദിനം 6,000 സന്ദർശകർക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.