സൂപ്പര്‍ ലീഗ് കേരളത്തിന്റെ ആവേശകരമായ മത്സരങ്ങളുടെ അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മത്സരങ്ങള്‍ തീപാറും. നാളെ നടക്കുന്ന നിര്‍ണ്ണായക മത്സരത്തില്‍ ആതിഥേയരായ ഫോര്‍ക്ക കൊച്ചി എഫ്.സിയെ തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി നേരിടും. മുഴുവന്‍ പോയിന്റുകള്‍ നേടാന്‍ ഇരുടീമുകളും പരിശ്രമിക്കുമെന്നത് ഉറപ്പാണ്. അതുകൊണ്ടു തന്നെ ഈ മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം പ്രകമ്പനം കൊള്ളിക്കുന്നൊരു മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറായിക്കഴിഞ്ഞു.
സീസണിലെ ആദ്യജയം തേടിയാണ് ഫോര്‍ക്ക കൊച്ചി എഫ്‌സിയെത്തുന്നത്. മലപ്പുറം എഫ്‌സിയോട് 0-2 എന്ന സ്‌കോറിന്റെ പരാജയമേറ്റുവാങ്ങി ഞെട്ടലോടെ സീസണാരംഭിച്ച ഫോര്‍ക്ക കൊച്ചി എഫ്.സി തുടര്‍ന്ന് കാലിക്കറ്റ് എഫ്‌സിയേയും കണ്ണൂര്‍ വാറിയേഴ്‌സ് എഫ്.സിയേയും സമനിലയില്‍ തളച്ച് ഗതിവേഗം കണ്ടെത്തി. നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്ത് നിലകൊള്ളുന്ന ഫോര്‍ക്കയുടെ ലക്ഷ്യം സ്വന്തം തട്ടകത്തില്‍ കളിക്കുന്നുവെന്ന മുന്‍തൂക്കം മുതലെടുത്ത് മൂന്ന് പോയിന്റുകള്‍ നേടുകയാണെന്നതാണ്.
ദക്ഷിണാഫ്രിക്കക്കാരന്‍ എന്‍ഗുബോ സിയാന്‍ഡ, ബസന്ത സിങ്, കമല്‍പ്രീത് സിങ് എന്നീ താക്കോല്‍ക്കളിക്കാര്‍ എതിരാളികളുടെ പ്രതിരോധപ്പൂട്ട് പൊളിച്ചുള്ള മികച്ച ആക്രമണങ്ങള്‍ കാഴ്ച്ചവച്ചിട്ടുണ്ട്. അതേസമയം, കേരളം സന്തോഷ് ട്രോഫി നായകന്‍ നിജോ ഗില്‍ബര്‍ട്ടും ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ റാഫേല്‍ സാന്റോസും ടീമിന്റെ ആഴവും ക്രിയാത്മകതയും വര്‍ദ്ധിപ്പിക്കുന്നു. അനുഭവസമ്പന്നനായ ആക്രമണനിര താരം ഡോറിയല്‍ട്ടണ്‍ ഗോമസ് നാസിമെന്റോ ആക്രമണ തീവ്രത വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗോള്‍കീപ്പര്‍ സുഭാശിഷ് ചൗധരിയും ടുണീഷ്യന്‍ മധ്യനിര താരം സെയ്ദ് മുഹമ്മദ് നിദാലും ടീമിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും ഈ സീസണിലെ ഭാഗ്യരേഖയെ മാറ്റിവരയ്ക്കാന്‍ ഫോര്‍ക്കയെ കെല്‍പ്പുള്ളവരുമാക്കുന്നു.
മറുവശത്ത്, തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി ഒരു വിജയവും രണ്ട് സമനിലയുമായി രണ്ടാം സ്ഥാനത്താണ്. എങ്കിലും, കണ്ണൂരിനെതിരായ അവസാന മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച് സസ്‌പെന്‍ഷനിലായ നായകന്‍ പാട്രിക് മോത്ത കളിക്കളത്ത് ഇല്ലാത്ത സാഹചര്യവുമായി കൊമ്പന്‍സിന് ഒത്തിണങ്ങേണ്ടതുണ്ട്. ഈ തിരിച്ചടിയുണ്ടെങ്കിലും, മുന്‍മത്സരങ്ങളില്‍ പകരക്കാരായി ഇറങ്ങിയവരുടെ പ്രകടനമികവിന്റെ അടിസ്ഥാനത്തില്‍ മുഖ്യ പരിശീലകന്‍ സെര്‍ജിയോ അലക്‌സാന്‍ഡ്രേ ടീമിന്റെ കഴിവില്‍ ആത്മവിശ്വാസം പുലര്‍ത്തുന്നു.
മലപ്പുറം എഫ്‌സിക്കും കാലിക്കറ്റ് എഫ്‌സിക്കും എതിരെയുള്ള വരുംമത്സരങ്ങള്‍ക്ക് മുമ്പായി മൂന്ന് പോയിന്റുകളും നേടിയെടുത്ത് തോല്‍വിയറിയാത്ത ടീം എന്ന റെക്കോര്‍ഡ് നിലനിര്‍ത്താനാണ് കൊമ്പന്‍സ് ശ്രമിക്കുന്നത്. അനുഭവസമ്പന്നനായ പവന്‍ കുമാര്‍, ഗണേശന്‍ യു, ഡാവി കുന്‍ എന്നിവരെപ്പോലുള്ള കളിക്കാരുടെ കരുത്തില്‍ ഈ സീസണിലെ മികച്ച തുടക്കം തുടരാന്‍ സാധിക്കും. ‘മൂന്ന് പോയിന്റുകളും നേടുകയെന്ന പതിവ് ലക്ഷ്യത്തോടെ ഞങ്ങള്‍ ആക്രമിക്കുകയും ലീഗില്‍ ലീഡ് നേടുകയും ചെയ്യും. ഞങ്ങള്‍ ഓരോ മത്സരം കഴിയുമ്പോഴും മെച്ചപ്പെടുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുന്നു,’ ടീമിന്റെ ആക്രമണ തത്വശാസ്ത്രം വിശദീകരിച്ചു കൊണ്ട് പരിശീലകന്‍ സെര്‍ജിയോ പറയുന്നു.
‘എസ്.എല്‍.കെ-1: വിജയം ലക്ഷ്യമിട്ട് ഫോര്‍ക്ക, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കൊമ്പന്‍മാരും
സൂപ്പര്‍ ലീഗ് കേരളം: റൗണ്ട് 4, മത്സരം 4 അവലോകനം
വേദി: ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം, കലൂര്‍
തിയതി: സെപ്തംബര്‍ 27, വെള്ളി
കിക്ക്ഓഫ്: രാത്രി 7:30 (സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റ്, ഡിസ്‌നി+ ഹോട്സ്റ്റാര്‍ എന്നിവയില്‍ തത്സമയ സംപ്രേക്ഷണം)’
CONTENT HIGHLIGHTS;SLK: Fire in Kochi; Kompans will play host to Forca Kochi tomorrow