2024-25 സാമ്പത്തിക വര്‍ഷം കേരള ബാങ്കിന്റെ അംഗസംഘങ്ങള്‍ക്ക് ലാഭവിഹിതം നല്‍കാനാവുമെന്ന് സഹകരണ വകുപ്പുമന്ത്രി വി.എന്‍ വാസവന്‍. കേരള ബാങ്കിന്റെ 4-ാം വാര്‍ഷിക പൊതുയോഗവും സഹകാരി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 2023-24ല്‍ 209 കോടി രൂപയുടെ അറ്റലാഭം നേടിയ ബാങ്കിന് അടുത്ത സാമ്പത്തിക വര്‍ഷം സംഘങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്ന തരത്തിലേക്ക് വളരാന്‍ കഴിയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേയ്ക്കാള്‍ 10 ഇരട്ടി വളര്‍ച്ചയാണ് അറ്റ ലാഭത്തില്‍ ബാങ്ക് നേടിയത്. സഹകാരികളുടെ ഓണറേറിയത്തില്‍ കാലോചിതമായ വര്‍ദ്ധനവ് ഒക്ടോബര്‍ മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിസന്ധി നേരിടുന്ന സംഘങ്ങളുടെ നിക്ഷേപ ഗ്യാരണ്ടി പരിധി 2 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായും വര്‍ദ്ധിപ്പിച്ചു. സഹകരണ മേഖലയിലെ സമകാലീന വിഷയങ്ങളെ കുറിച്ചും പുതിയ സഹകരണ നിയമ ഭേദഗതികളെ കുറിച്ചും സഹകാരികളോട് മന്ത്രി സംസാരിച്ചു. നിലവില്‍ 67,978.87 കോടി രൂപയുടെ നിക്ഷേപവും 1,16,582.24 കോടി രൂപയുടെ ആകെ ബിസിനസുമുള്ള കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യം നടപ്പാക്കാന്‍ പര്യാപ്തമാണെന്ന് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. സംഘങ്ങളുടെ ഓഹരി പിന്‍വലിക്കല്‍ സംബന്ധിച്ചുള്ള ബൈലോ ഭേദഗതി പിന്‍വലിക്കാനും പൊതുയോഗം തീരുമാനിച്ചു.
48,603.43 കോടി രൂപയാണ് ഗ്രാമീണ നഗര വ്യത്യാസമില്ലാതെ വിവിധ വായ്പകളിലായി, പ്രത്യേകിച്ച് ചെറുകിട സംരംഭമേഖലയ്ക്കും, കാര്‍ഷിക കാര്‍ഷികാനുബന്ധ മേഖലയ്ക്കും ബാങ്ക് വായ്പയായി അനുവദിച്ചത്. നഷ്ട സാധ്യതയുള്ള സംഘങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധനസഹായം നല്‍കുന്നതിനായി കേരള ബാങ്ക് നടപ്പാക്കിയ പുനരുദ്ധാരണ പാക്കേജിലൂടെ 17 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കായി ഇതുവരെ 89.50 കോടി രൂപ അനുവദിച്ചു നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് പ്രസിഡന്റ് അറിയിച്ചു.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ബഹുമുഖ സേവന കേന്ദ്രങ്ങളാക്കുന്നതിന് PACS as MSC പദ്ധതിയിലൂടെ 436.83 കോടി രൂപയാണ് നബാര്‍ഡ് ധനസഹായത്തോടെ കേരള ബാങ്ക് അനുവദിച്ചത്. ഇതില്‍ 200 കോടി രൂപ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി ഉപയോഗിച്ച് 1 ശതമാനം പലിശ നിരക്കിലാണ് സംഘങ്ങള്‍ക്ക് വിതരണം ചെയ്തത്. കാര്‍ഷിക മുന്നേറ്റത്തിന് സഹായിക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് വായ്പ വ്യക്തികള്‍ക്കും അനുവദിക്കാന്‍ ബാങ്ക് തീരുമാനം എടുത്തിട്ടുണ്ട്. സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് സഹായിക്കുന്ന പ്രത്യേക കണ്‍സോര്‍ഷ്യവും ബാങ്ക് രൂപീകരിച്ചിട്ടുണ്ട്.
വിവിധ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ച 12 ടണ്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് അമേരിക്കയിലേക്കു മാത്രം ഈ സാമ്പത്തിക വര്‍ഷം കയറ്റി അയച്ചത്. മറ്റു വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന UPI ഉള്‍പ്പെടെ എല്ലാ ആധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളും ലഭിക്കുന്ന കേരള ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നതിന് മിനിമം ബാലന്‍സ് പരിധിയോ ചാര്‍ജ്ജുകളോ ഈടാക്കുന്നതല്ല. ചൂരല്‍മല, മുണ്ടകൈ ദുരന്ത ബാധിതരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളിയ നടപടിയും പൊതുയോഗം ഐകകണ്‌ഠേന അംഗീകരിച്ചു.
പൊതുയോഗത്തില്‍ സംഘത്തിലെ 1300 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷനായ യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍ സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. ജോര്‍ട്ടി എം ചാക്കോ നിര്‍വഹിച്ചു.
സഹകരണ വകുപ്പു സെക്രട്ടറി വീണ എന്‍. മാധവന്‍ IAS, സഹകരണ സംഘം രജിസ്ട്രാര്‍ (i/c) ജ്യോതിപ്രസാദ്, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ വി. രവീന്ദ്രന്‍, ഭരണസമിതി അംഗങ്ങള്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങള്‍, ചീഫ് ജനറല്‍ മാനേജര്‍മാരായ റോയ് എബ്രഹാം, എ.ആര്‍. രാജേഷ്, ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. അഡ്വ: എസ്. ഷാജഹാന്‍ നന്ദി അറിയിച്ചു.
CONTENT HIGHLIGHTS;Member groups of Kerala Bank can pay dividend this financial year: Minister VN Vasavan