Kerala

ലൈംഗിക ശേഷി പരിശോധനക്ക് താന്‍ തയ്യാറാണെന്ന് സിദ്ദിഖ് സുപ്രീം കോടതിയില്‍, മുകുള്‍ റോഹത്ഗിക്കു കഴിയുമോ സിദ്ദിഖിനെ രക്ഷിക്കാന്‍

യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷയ്‌ക്കെത്തുന്ന സിദ്ദിഖിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികള്‍. സുപ്രീംകോടതി അഭിഭാഷക രഞ്ജിത റോഹത്ഗി വഴി സിദ്ദിഖ് നല്‍കിയ ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ഹാജരായേക്കുമെന്നാണു സൂചനകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തായിട്ടില്ല. അതേസമയം, ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങൾക്ക് വിഭിന്നമായിട്ടാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിന്റെ അഭിഭാഷകര്‍ വാദിക്കുക. ഇതാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുടെ പകര്‍പ്പിലൂടെ വ്യക്തമാക്കുന്നത്. പരാതിക്കാരിക്കെതിരായ ആരോപണങ്ങള്‍ മുന്‍നിറുത്തിയായിരുന്നു ഹൈക്കോടതിയില്‍ സിദ്ദിഖിന്റെ അഭിഭാഷകര്‍ പ്രധാനമായും വാദിച്ചത്. സുപ്രീം കോടതിയിൽ നൽകിയ മുന്‍കൂര്‍ ജാമ്യപേക്ഷയിൽ സിദ്ദിഖ് വ്യക്യതമാക്കുന്നത്, മലയാള സിനിമ സംഘടനകളുടെ പോരിന്റെ ബാക്കിപത്രമായി തന്നെ കേസില്‍ കുടുക്കിയതായെന്നാണ്. ഇതെല്ലാം ഉൾപ്പെടുത്തി സുപ്രീം കോടതിയില്‍ നിന്നും ജാമ്യം നേടാമെന്നാണ് സിദ്ദിഖിന്റെ വിശ്വാസം. അതിനിടെ സിദ്ദിഖ് സുപ്രീം കോടതിയില്‍ നല്‍കിയ 154 പേജുള്ള മുന്‍കൂര്‍ ജാമ്യപേക്ഷയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ ലഭിച്ചു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപണമില്ല. ലൈംഗിക ശേഷി പരിശോധനക്ക് താന്‍ തയ്യാറാണ്. അതിനായി കസ്റ്റഡിയില്‍ എടുക്കേണ്ടതില്ല. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 65 വയസുള്ള സീനിയര്‍ സിറ്റിസണ്‍ ആണെന്നും പേരക്കുട്ടി ഉള്‍പ്പടെയുള്ള കുടുംബത്തിലെ അംഗമാണ് ഞാന്‍. എനിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ല. പല അവാര്‍ഡുകളും, അംഗീകാരങ്ങളും നേടിയിട്ടുള്ള വ്യക്തിയാണ്. സാക്ഷികളെ സ്വാധീനിക്കുമെന്നോ, തെളിവുകള്‍ നശിപ്പിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. മുന്‍കൂര്‍ ജാമ്യത്തിന് കോടതി മുന്നോട്ട് വയ്ക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാര്‍ ആണെന്നും വിശദീകരിച്ചിട്ടുണ്ട്.

14 പേര്‍ക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ലെംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപണമില്ല. താന്‍ തെളിവ് നശിപ്പിക്കുമെന്ന വാദവും തെറ്റാണ്. പരാതിക്കാരിയുടെ പരസ്പര വിരുദ്ധമായ ആരോപണങ്ങള്‍ ഹൈക്കോടതി പരിഗണിച്ചില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മയും, വുമണ്‍ ഇന്‍ സിനിമ കളക്ടീവും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് മുന്നോട്ടുവെയ്ക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. 154 പേജുള്ള ഹര്‍ജിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത്തരം വാദങ്ങള്‍ ഉന്നയിച്ചാണ് സുപ്രീകോടതിയില്‍ സിദ്ദിഖ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹൈക്കൊടതിയില്‍ നല്‍കിയ വാദങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ഇന്നലെ രാത്രിയാണ് ഇതു സംബന്ധിച്ച കത്ത് കൈമാറിയത്. ഈ ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു.