മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി.വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യന്‍ കെട്ടുപോയി എന്നും മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി എന്നും അന്‍വര്‍ വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു.
അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാന്‍ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യന്‍ കെട്ടുപോയി. തെളിവ് നല്‍കിയിട്ടും വിജിലന്‍സ് അന്വേഷണത്തിന് 6 മാസം സമയം നല്‍കി. സ്‌പോട്ടില്‍ സസ്‌പെന്‍ഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാര്‍. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നല്‍കുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രതികരണ രീതിയെ തന്നെ പരിഹസിച്ച് കൊണ്ടായിരുന്നു എന്നും അന്‍വര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാര്‍ട്ടിയും തിരുത്തിയില്ലെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. നേതാക്കളെല്ലാം സൂപ്പറാണ് പക്ഷെ, കാലില്‍ ചങ്ങലയുണ്ട്. മുഖ്യമന്ത്രിയോട് ബഹുമാനമുണ്ട്. റിയാസിനെ മാത്രം വളര്‍ത്തിയാല്‍ മതിയോ പാര്‍ട്ടിയില്‍. ഉന്നതനേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. പിണറായി വിജയനെ കണ്ടത് പിതാവിന്റെ സ്ഥാനത്ത്. ഊമാച്ചി കണിക്കണ്ട. ഈ ഭൂമിയില്‍ പി.വി.അന്‍വര്‍ കീഴ്‌പ്പെടുന്നുണ്ടെങ്കില്‍ ദൈവത്തിനും, പാവപ്പെട്ടവനും പാര്‍ട്ടി അണികള്‍ക്കും മാത്രമാണ്. അതുമായി ഇങ്ങോട്ടു വരണ്ട.
ഈ വാര്‍ത്താസമ്മേളനം നടക്കുന്ന സമയത്തുപോലും എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന്റെ ആളുകള്‍ വന്നു പിടികൂടുമോ എന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ശബ്ദം കേട്ടു നോക്കുമ്പോള്‍ രണ്ടുപേരെ കണ്ടതായും അന്‍വര്‍ വെളിപ്പെടുത്തി. ശബ്ദമുണ്ടാക്കാതെ പിന്നിലൂടെ വന്ന് നോക്കുമ്പോള്‍ അത് പൊലീസുകാരായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് എനിക്ക് ഈ വാര്‍ത്താസമ്മേളനം നടത്താന്‍ കഴിയുമെന്നു ഞാന്‍ കരുതിയില്ല. എനിക്കു കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ഇതെല്ലാം ആദ്യം തന്നെ പറയുന്നത്, ഇവിടെനിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോ എന്ന് അറിയില്ല.
ഞാന്‍ അതിശയോക്തി കലര്‍ത്തി പറയുകയാണ് എന്ന് നിങ്ങള്‍ കരുതരുത്. അജിത്കുമാര്‍ എന്നു പറയുന്ന ഈ നൊട്ടോറിയസ് ക്രിമിനല്‍ ഇതിനപ്പുറം ചെയ്യും. അദ്ദേഹമാണ് സിഎമ്മിന് ഈ കഥ എഴുതിക്കൊടുത്തത്. കേസില്‍ ഞാന്‍ പ്രതിയാകുന്ന അവസ്ഥയിലേക്കു പോവുകയാണ്. എന്റെ പിന്നാലെയാണ് പൊലീസ്. എടവണ്ണ പഞ്ചായത്തില്‍ ഗേറ്റ് അടയ്ക്കാത്ത വീടാണ് എന്റേത്. 50-60 വര്‍ഷമായി ഗേറ്റ് അടയ്ക്കാറേയില്ല. ഒരു പൊതുസ്ഥലം പോലെ കിടക്കുന്ന വീടാണ്. ആര്‍ക്കും ഏതു സമയത്തും അവിടേക്കു വരാം, പോകാം. യാതൊരു നിയന്ത്രണങ്ങളുമില്ല. ഞാന്‍ ഇരിക്കുന്ന സിറ്റിങ് റൂമില്‍നിന്ന് സംസാരിക്കുന്നതെല്ലാം അവര്‍ കേള്‍ക്കുന്നുണ്ടാകും.
മഞ്ചേരിയില്‍ നിങ്ങള്‍ പത്രസമ്മേളനം നടത്താന്‍ വരുന്ന സ്ഥലത്ത് പൊലീസ് വന്നിട്ടുണ്ട്. അതും പാതിരാത്രിക്കാണ്. എന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിനു മുന്‍പ് ജനങ്ങളോട് ഇക്കാര്യം പറയണമല്ലോ”- അന്‍വര്‍ പറഞ്ഞു.
CONTENT HIGHLIGHTS;Chief Minister cheated; PV says that Pinarayi Vijayan is not eligible to rule the Home Department. Anwar MLA