പാര്‍ട്ടി ലൈനില്‍ നിന്നും താന്‍ വിപരീതമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊതുസമൂഹത്തിന്റെ ഇടയിലടക്കം ചര്‍ച്ചകള്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കന്മാര്‍ക്ക് സാധാരണക്കാരുടെ വിഷയത്തില്‍ പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റുന്നില്ല. കമ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ രണ്ടടി കൂടി പൊലീസ് സ്റ്റേഷനില്‍ നിന്നും കിട്ടുന്ന സാഹചര്യമാണ് കേരളത്തില്‍. ഇതിനു കാരണം പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. മുഖ്യന്ത്രിക്ക് എല്ലാം അജിത് കുമാര്‍ എഴുതി കൊടുത്തതാണ്. അല്ലാതെ അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. അടുത്ത സ്റ്റെപ്പ് ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വം ഒന്നും നടക്കുന്നില്ല.” അന്‍വര്‍ പറഞ്ഞു.
തന്റെ പരാതികളില്‍ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ പാര്‍ട്ടി അഭ്യര്‍ഥന മാനിച്ച് പൊതു പ്രസ്താവനകള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. പാര്‍ട്ടി പ്രസ്താവന വിശ്വസിച്ചാണ് പാര്‍ട്ടി നിര്‍ദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. എസ്പി ഓഫിസിലെ മരംമുറി കേസില്‍ അന്വേഷണം തൃപ്തികരമല്ല. സ്വര്‍ണക്കടത്ത് കേസിലും റിദാന്റെ കൊലപാതകത്തിലും അന്വേഷണം കാര്യക്ഷമമല്ല. പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിക്കുകയാണ്. എടവണ്ണ കേസിലെ തെളിവുകള്‍ പരിശോധിച്ചില്ല. പി.വി.അന്‍വര്‍ കള്ളക്കടത്ത് കേസിലെ ആളാണോയെന്ന സംശയം മുഖ്യമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിനു മുന്നില്‍ ഇട്ടു കൊടുക്കുകയായിരുന്നു. കള്ളക്കടത്തുകാരെ ഞാന്‍ മഹത്വവല്‍കരിക്കുന്നുവെന്ന പ്രസ്താവനയെും എനിക്ക് ഡാമേജുണ്ടാക്കി. മുഖ്യമന്ത്രി ഇത്രയും കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുകയായിരുന്നു. പാര്‍ട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല. തന്റെ പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. എട്ടു വര്‍ഷമായല്ല താന്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയതു മുതല്‍ താന്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നുണ്ട്.
ഇന്ന് ഈ പത്രസമ്മേളനം നടത്താന്‍ കഴിയുമോയെന്ന് വിശ്വസിച്ചിരുന്നില്ല. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടു പോകുമോയെന്ന് അറിയില്ല. അജിത് കുമാര്‍ എന്ന നൊട്ടോറിയസ് പലതും ചെയ്യാം. മുഖ്യമന്ത്രി മലപ്പുറത്ത് പാര്‍ട്ടി സെക്രട്ടറിയെ വിളിച്ച് ചോദിക്കണ്ടേ. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണം. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണെന്നും മുഖ്യമന്ത്രി ഇത് മനസിലാക്കണം.
അജിത് കുമാറിനെ അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തണനമെന്ന് ഞാന്‍ പറഞ്ഞു. ഡിജിപി സാധുവല്ലേയെന്നും ഞാന്‍ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എനിക്ക് ഈ ദുരന്തങ്ങളൊന്നും ഏറ്റെടുക്കേണ്ട കാര്യമില്ലായിരുന്നു. പാവപ്പെട്ട പാര്‍ട്ടി സഖാക്കളെയാണ് ഞാന്‍ ആലോചിച്ചത്. അതിനാലാണ് നിരന്തരം വാര്‍ത്താസമ്മേളനം നടത്തിയത്. ഇനി പി.വി. അന്‍വറിനെ നിലയ്ക്കുനിര്‍ത്താന്‍ യാതൊരു മാര്‍ഗവുമില്ല. എഡിജിപി വാങ്ങിയ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സെക്രട്ടേറിയറ്റിനു ചുറ്റുമാണ് ഈ സ്ഥലങ്ങള്‍. മഹാനായ സത്യസന്ധനായ ഏറ്റവും നല്ല ആത്മാര്‍ഥതയുള്ള മാതൃകപരമായി പ്രവര്‍ത്തിക്കുന്ന എഡിജിപി എല്ലാം വാങ്ങിയത് പണം കൊടുത്താണ്. ഒരു രൂപയുടെ ചെക്കില്ല. 10 ദിവസം കൊണ്ട് എല്ലാ പേപ്പറും കിട്ടുന്നു. അവനെ ഡിസ്മിസ് ചെയ്യണം. ഇവനെയാണ് മുഖ്യമന്ത്രി താലോലിച്ച് നടക്കുന്നത്. എങ്ങോട്ടാ ഈ പോക്കെന്ന് പാര്‍ട്ടി സഖാക്കള്‍ ആലോചിക്കട്ടെ.