കോഴിക്കോട്: പിവി അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പിവി അൻവർ ഉയർത്തിയ പുതിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ടിപി രാമകൃഷ്ണൻ. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അൻവർ വിമർശിച്ചിരുന്നു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം.
അന്‍വര്‍ നല്കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയാകുംമുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. പാര്‍ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അദ്ദേഹം സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമാണ്. മുഖ്യമന്ത്രി ചതിച്ചു എന്ന് അന്‍വര്‍ പറയുന്നത് അടിസ്ഥാനരഹിതമാണ്.
അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചേരുന്ന രീതിയിലല്ല അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. അന്‍വറിനെ അപകടത്തിലാക്കുന്നതിന് വേണ്ടി ഏതോ ശക്തികള്‍ ശ്രമിക്കുന്നുണ്ട്. അതില്‍ അദ്ദേഹം പെട്ടുപോവുകയാണ്. അന്‍വറിന്റെ നിലപാടിനെ ഒരുകാരണവശാലും സിപിഎമ്മിന് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനൊക്കെ അന്‍വറിന് അവകാശമുണ്ട്. പക്ഷേ മുഖ്യമന്ത്രിയുടെ അംഗീകാരം ജനങ്ങളില്‍ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. അന്‍വറിന്റെ പത്രസമ്മേളനം കൊണ്ടോ ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടോ ഇതൊന്നും അവസാനിക്കുന്നതല്ല.
മുഖ്യമന്ത്രി ചതിച്ചു എന്ന അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ തേജസ് കെട്ടുപോയിട്ടില്ല. ആ തേജസ് കൃത്രിമമായി നിര്‍മ്മിച്ചതല്ല. ഈ വര്‍ത്തമാനം കൊണ്ട് ആ ശോഭ കെട്ടുപോകില്ല. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ല. ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായാണ് അന്‍വര്‍ സംസാരിക്കുന്നത്. ആ നിലപാട് തിരുത്താനാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും ടിപി രാമകൃഷ്ണന് പറഞ്ഞു.