മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ തുറന്നടിച്ച് പിവി അൻവര്‍ എംഎല്‍എ. ഒരു റിയാസിന് വേണ്ടി മാത്രമല്ല പാര്‍ട്ടിയെന്നും മരുമകന് വേണ്ടിയാകും മുഖ്യമന്ത്രി പല കാര്യങ്ങളിലും സംരക്ഷണം ഒരുക്കുന്നതെന്നും പിവി അൻവര്‍ ആരോപിച്ചു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്നും അൻവർ പറഞ്ഞു.
‘പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാൻ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?’, അന്‍വര്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലേയും എല്ലാ വലിയ നേതാക്കളും ഒറ്റക്കെട്ടാണ്. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അതാണ്. അതിപ്രമാദമായ ഒരുകേസും തെളിയില്ല. എന്താ തെളിയാത്തത്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ഒന്നിലും ഇടപെടാന്‍ കഴിയില്ല. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന, പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയത്തില്‍ ഇടപെടുന്നതില്‍നിന്ന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു എന്നതാണ്. പോലീസില്‍ മാത്രമല്ല. അത് സര്‍ക്കാരിന്റെ എട്ടുകൊല്ലത്തെ സംഭാവനയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേട്. പാർട്ടിയിൽ അടിമത്തമാണ്. ഉദ്യോഗസ്ഥമേധാവിത്വം ആണ് സർക്കാർ സംഭാവന. പി ശശിയെ കുറിച്ച് നല്ല വാക്ക് പറയാൻ പിണറായിക്കേ കഴിയു. ഈ നിലയിലാണ് പോക്ക് എങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും പിണറായിയെ നയിക്കുന്നത് ഉപജാപകസംഘങ്ങളാണെന്നും ഒരു റിയാസിനു വേണ്ടി മാത്രമല്ല ഈ പാർട്ടിയെന്നും പിവി അൻവര്‍ പറഞ്ഞു.
ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെൻറ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചത്. കോടിയേരിയുടെ വിലാപയാത്ര ഒഴിവാക്കിയ പ്രശ്നവും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. കണ്ണൂരിലെ സഖാക്കൾക്ക് ഇതിൽ വലിയ വേദനയുണ്ടെന്നും ആ സമയത്ത് മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയ്ക്ക് പോയെന്നും പിവി അൻവര്‍ ആരോപിച്ചു.