തെൽഅവീവ്: ഹിസ്ബുല്ലയ്ക്ക് പിന്തുണയുമായി ഇറാഖി സായുധ സംഘം. ഇറാഖിൽനിന്നെത്തിയ മിസൈലുകൾ തെക്കൻ ഇസ്രായേലിലെ തുറമുഖ നഗരമായ ഐലാത്തിൽ പതിച്ചെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ പറയുന്നു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചെങ്കടൽ വഴിയാണ് ആക്രമണമുണ്ടായത്. നഗരം ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും എത്തിയതായാണു വിവരം. അൽഅർഖാബ് ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ടാമത്തെ ഡ്രോൺ നാവികസേനയുടെ മിസൈൽവേധ സംവിധാനം നിർവീര്യമാക്കിയതായും ഐഡിഎഫ് അവകാശപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാഖി സാധുയ സംഘമായ ‘ഇസ്‌ലാമിക് റെസിസ്റ്റൻസ്’ ഏറ്റെടുത്തിട്ടുണ്ട്. തെക്കൻ ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സംഘം പറഞ്ഞു.
അതേസമയം, ലബനാനിൽ അമേരിക്കയും സഖ്യ രാജ്യങ്ങളും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹിസ്ബുല്ലയുമായുള്ള സംഘർഷത്തിൽ വെടിനിർത്തലിനുള്ള യു.എസ്-ഫ്രഞ്ച് നിർദേശത്തോട് തന്‍റെ സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
‘അമേരിക്കൻ-ഫ്രഞ്ച് നിർദേശമാണത്, പ്രധാനമന്ത്രി അതിനോട് പ്രതികരിച്ചിട്ടില്ല’ -നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വെടിനിർത്തലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് നെതന്യാഹുവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ആക്രമണം ശക്തമായി തുടരാനാണ് ഇസ്രായേൽ പ്രതിരോധസേനക്ക് (ഐ.ഡി.എഫ്) നെതന്യാഹു നിർദേശം നൽകിയത്.