പോലീസിന്റെ സ്വര്‍ണം കൈക്കലാക്കല്‍ പരിപാടി പൊളിക്കാന്‍ സാക്ഷികളുടെ വീഡിയോ അടങ്ങുന്ന കൃത്യമായ തെളിവുകളുമായാണ് പി.വി. അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പോലീസിനെ പേടിയുണ്ടെന്നും എന്റെ വാര്‍ത്താസമ്മേളനത്തിനു മുന്‍പ് എന്നെ അവര്‍ പിടിക്കുമോയെന്ന ഭയപ്പെട്ടിരുന്നതായും അന്‍വര്‍ പറഞ്ഞു. പോലീസ് നടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍ വാദം അതിവിദഗ്ധമായാണ് അന്‍വര്‍ പൊളിച്ചത്. ഇതിനായി സ്വര്‍ണ്ണക്കടത്ത് സംഘാംഗങ്ങളായ രണ്ടു പേരുടെ വെളിപ്പെടുത്തല്‍ വാര്‍ത്താസമ്മളനത്തില്‍ ഹാജരാക്കി. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്ന നിഷാദും കാളികാവ് സ്വദേശിയായ സമദും പി.വി.അന്‍വര്‍ എംഎല്‍എയോട് വെളിപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇന്നത്തെ പത്രസമ്മേളനത്തില്‍ പുറത്തുവിട്ടത്. ഇരുവരുടെയും കുടുംബാംഗങ്ങളടക്കം പൊലീസിന്റെ കള്ളക്കളി പൊളിക്കുന്ന സംഭവവികാസങ്ങള്‍ക്ക് സാക്ഷികളായിരുന്നുവെന്നും വിഡിയോ പുറത്ത് വിട്ട് പി.വി.അന്‍വര്‍ വാദിച്ചു. ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു നിഷാദ്, 2023 മേയിലാണ് കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. നിഷാദിനെ ഭാര്യ രഹ്നയും ബന്ധുക്കളും ചേര്‍ന്നു സ്വീകരിച്ചു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരുടെ കാര്‍ പൊലീസ് തടഞ്ഞു. പരിശോധനയ്ക്കായി നിഷാദിനെ പുളിക്കലിലെ സ്വകാര്യ സ്‌കാനിങ് സെന്ററില്‍ എത്തിച്ചു. സ്‌കാനിങില്‍ മൂന്ന് ക്യാപ്‌സൂളുകളാണ് കണ്ടെത്തിയത്. 300 ഗ്രാം വീതമുള്ള ഈ 3 സ്വര്‍ണ ക്യാപ്‌സൂളുകളാണ് താന്‍ കൊണ്ടുവന്നതെന്നും നിഷാദ് അന്‍വറിനോട് വെളിപ്പെടുത്തി.
എന്നാല്‍ കണ്ടെത്തിയ സ്വര്‍ണത്തെ സംബന്ധിച്ച് ഏതെങ്കിലും പേപ്പറില്‍ എഴുതി ചേര്‍ക്കാന്‍ പൊലീസ് തയാറായില്ലെന്നും നിഷാദ് പറഞ്ഞു. സംഭവത്തിന് സാക്ഷികള്‍ ആരുമില്ലായിരുന്നുവെന്നും നിഷാദ് വ്യക്തമാക്കി. തുടര്‍ന്ന് പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പൊലീസ് വാങ്ങിവച്ചു. കുറച്ച് ദിവസം കഴിഞ്ഞ് സമന്‍സ് തരാതെയാണ് മഞ്ചേരി കോടതിയിലേക്ക് വിളിപ്പിച്ചതെന്നും നിഷാദ് പറഞ്ഞു. പൊലീസുകാര്‍ വന്ന് അറിയിച്ചതനുസരിച്ച് മഞ്ചേരി കോടതിയിലെത്തി ഹാജരായി. പിടിച്ചെടുത്ത സ്വര്‍ണം കസ്റ്റംസിന് കൈമാറട്ടെയെന്ന് കോടതി ചോദിച്ചു. എന്നാല്‍ നോട്ടിസില്‍ 526 ഗ്രാം സ്വര്‍ണം മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. ബാക്കി 374 ഗ്രാം സ്വര്‍ണത്തിന് എന്തുപറ്റിയെന്നറിയില്ലെന്നും നിഷാദ് പറഞ്ഞു.
മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയത് മലപ്പുറം കാളികാവ് സ്വദേശി സമദായിരുന്നു. നാല് വര്‍ഷത്തിന് ശേഷം 2023 ഒക്ടോബറിലാണ് സമദ് നാട്ടിലേക്ക് തിരിച്ചത്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ സമദിനെ സ്വീകരിക്കാന്‍ ഉപ്പയും ഉമ്മയും എത്തിയിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തെത്തിയ സമദ് വൈകാതെ കുടുംബത്തോടൊപ്പം വീട്ടിലേക്ക് യാത്ര തിരിച്ചു. മഞ്ചേരിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ സമദിനെ അവിടെ വച്ചാണ് പൊലീസ് പിടികൂടിയത്. ഹോട്ടലില്‍ വച്ച് പൊലീസ് തന്നോട് കടത്തിയ സ്വര്‍ണത്തെപ്പറ്റി ചോദിച്ചു. ഉടന്‍ ഹോട്ടലിലെ ശുചിമുറിയില്‍ കയറി ഒളിപ്പിച്ചിരുന്ന ക്യാപ്‌സൂള്‍ രൂപത്തിലുള്ള സ്വര്‍ണം പുറത്തെടുക്കുകയും ഒരു ബാഗിലാക്കി പൊലീസിന് കൈമാറുകയും ചെയ്‌തെന്നും സമദ് വെളിപ്പെടുത്തി. ഇതിനിടയില്‍ സമദിന്റെ പാസ്‌പോര്‍ട്ടും ഫോണും പൊലീസ് വാങ്ങിവച്ചു. എന്നാല്‍ 300 ഗ്രാം വീതമുള്ള 3 ക്യാപ്‌സൂളുകളാണ് താന്‍ ഒളിപ്പിച്ച് കടത്തിയതെന്നാണ് സമദ് പറയുന്നത്. മഞ്ചേരി കോടതിയില്‍ പിടിച്ചെടുത്ത സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ പിഴത്തുകയായ 10,000 രൂപ അടച്ചെങ്കിലും നോട്ടിസില്‍ സ്വര്‍ണത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ലെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സമദ് വ്യക്തമാക്കി.