തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഗുരുതരമായ ആരോപണങ്ങൾക്കു പിന്നാലെ പി.വി അൻവറിനെതിരെ കടുത്ത നടപടിക്ക് സിപിഎം. ഇടത് എംഎൽഎ എന്ന പരിഗണനയോ പരിവേഷമോ നൽകേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം.
ഇനി മുതൽ ഇടത് എംഎൽഎയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല. അൻവറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അൻവറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും പാർട്ടി തീരുമാനിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറങ്ങും.
അതേസമയം, പാർട്ടി ചിഹ്നത്തിലല്ല നിലമ്പൂരിൽ മത്സരിച്ചതെന്നതിനാൽ അൻവറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിനാകില്ല. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിനായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഡൽഹിയിലാണുള്ളത്. മുഖ്യമന്ത്രിയും യോഗത്തിൽ പങ്കെടുക്കാനായി ഇന്ന് ഡൽഹിയിലേക്കു തിരിക്കും. ഡൽഹിയിൽ വച്ച് വാർത്താസമ്മേളനം വിളിച്ച് അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണം നടത്തിയേക്കുമെന്നാണു സൂചന.
പി.വി.അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അൻവർ വിമർശിച്ചിരുന്നു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം.