കോഴിക്കോട്: മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരായ എൽഡിഎഫ് എംഎൽഎ പി.വി അൻവറിന്റെ രൂക്ഷവിമർശനത്തിനു പിന്നാലെ പ്രതികരണവുമായി ആർഎംപി നേതാവും എംഎൽഎയുമായ കെ.കെ രമ. ഭർത്താവായ ടി.പി ചന്ദ്രശേഖരന്റെ കൊലക്കേസിനെ ഓർമിപ്പിക്കുംവിധമാണ് രമയുടെ പ്രതികരണം. ഇന്നോവ… മാഷാ അള്ളാ- എന്നാണ് രമ ഫേസ്ബുക്കിൽ കുറിച്ചത്.
അൻവറിനെ തേടിയും ഇന്നോവ എത്തുമോയെന്നാണ് കണ്ടറിയേണ്ടതെന്നും ചിലർ കുറിച്ചിട്ടുണ്ട്. സിപിഎം വിട്ട് ആർഎംപി രൂപീകരിച്ച ടി.പിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഇന്നോവയിൽ മാഷാ അല്ലാഹ് എന്നെഴുതി കേസ് വഴിതിരിച്ചുവിടാൻ പ്രതികൾ ശ്രമിച്ചിരുന്നു. സിപിഎം വിമർശനത്തെ തുടർന്ന് ടി.പിക്ക് നേരെയുണ്ടായ ആക്രമണത്തെ ഓർമിപ്പിച്ചാണ് രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതിപക്ഷം പോലും ഉന്നയിക്കാത്ത തരത്തിലുള്ള വിമർശനങ്ങളാണ് ഇന്ന് ഇടതുപക്ഷ എംഎൽഎയായ പി.വി അൻവറിൽനിന്നും ഉണ്ടായത്. പാർട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിർത്തിയെന്ന് കഴിഞ്ഞദിവസം അൻവർ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അൻവർ വീണ്ടും മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ശക്തമായ വിമർശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അൻവർ, അദ്ദേഹമെന്ന സൂര്യൻ കെട്ടുപോയെന്നും ജനങ്ങൾ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.
അതിനിടെ പി വി അൻവർ എം എൽ എ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സി പി എമ്മിൻ്റെ പൊളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. അൻവറിൻ്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും എൽ ഡി എഫ് കൺവീനർ കൂട്ടിച്ചേർത്തു.