കാൺപുർ: രാജ്യാന്തര ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി കാൺപൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുപ്പത്തേഴുകാരനായ താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ മിർപൂരിൽ നടക്കുന്ന ടെസ്റ്റോടെ വിരമിക്കണമെന്നാണ് ആഗ്രഹമെന്നും സുരക്ഷ കാരണങ്ങളാൽ മിർപൂരിൽ കളിക്കാനായില്ലെങ്കിൽ നാളെ ഇന്ത്യക്കെതിരെ നടക്കുന്ന മത്സരം അവസാന ടെസ്റ്റായിരിക്കുമെന്നും താരം അറിയിച്ചു. ട്വന്റി 20യിൽനിന്ന് ലോകകപ്പോടെ വിരമിച്ചെന്നും ലോകകപ്പിൽ കളിച്ച അവസാന മത്സരമാണ് തന്റെ വിരമിക്കൽ മത്സരമെന്നും 37കാരൻ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കാനുള്ള ആഗ്രഹം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും 2025ലെ ചാമ്പ്യൻസ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കുമെന്നും ഷാക്കിബ് വ്യക്തമാക്കി.
2007-ൽ ഇന്ത്യയ്ക്കെതിരേ ആയിരുന്നു ഷാക്കിബിന്റെ ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമാണ് ഷാക്കിബ് അൽ ഹസൻ. 69 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി അഞ്ചു സെഞ്ചുറികളും 31 അർധസെഞ്ചുറികളുമടക്കം 4,600 റൺസ് നേടിയിട്ടുണ്ട് താരം. 217 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ബൗളിംഗിൽ ബംഗ്ലാദേശിന് വേണ്ടി 242 വിക്കറ്റുകളും വീഴ്ത്തി.
2006ല്‍ സിംബാബ്വെയ്ക്കെതിരെ ട്വന്റി20 ക്രിക്കറ്റില്‍ അരങ്ങേറിയ ഷാക്കിബ് 129 മത്സരങ്ങളിൽ നിന്ന് 13 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 2,551 റൺസും 126 ഇന്നിംഗ്സുകളിൽ നിന്നായി 149 വിക്കറ്റുകളും നേടിയിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിൽ അംഗമായ ഷാകിബ്, ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തിന് ശേഷം ബംഗ്ലാദേശിലേക്ക് പോയിട്ടില്ല. ധാക്കയിലെ ഒരു കൊലപാതകക്കേസിലും പ്രതി ചേർക്കപ്പെട്ടിരുന്നു.