കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. ആലുവ ഗസ്റ്റ് ഹൗസില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇതുസംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ഒരക്ഷരം പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി കാറില്‍ കയറി പോവുകയായിരുന്നു.
നേരത്തെ, മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞിരുന്നു. പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു നടപടി. ആലുവയിലെ ഗസ്റ്റ് ഹൗസിലാണ് മാധ്യമപ്രവർത്തകരെ സുരക്ഷാവേലി തീർത്ത് തടഞ്ഞു നിർത്തിയത്.
പിബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍, ആഭ്യന്തരവകുപ്പ് പൂര്‍ണപരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുവരെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അതേസമയം, അൻവറുമായി ഇനി ഒരു തരത്തിലും ഒത്തുപോകേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. അൻവറിനതിരെ ശക്തമായി പ്രതിരോധം തീർക്കാനാണ് ആലോചന. എന്നാൽ, പാർട്ടി ചിഹ്നത്തിലല്ല നിലമ്പൂരിൽ മത്സരിച്ചതെന്നതിനാൽ അൻവറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിപിഎമ്മിനാകില്ല.