ഡല്‍ഹി: പി വി അന്‍വര്‍ എംഎല്‍എയുടെ നിലപാട് പാര്‍ട്ടിക്കെതിരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിഷയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും. ആലോചിച്ച് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അൻവർ ഉന്നയിച്ചത് ഗുരുതര ആരോപണമല്ല. ആരോപണങ്ങൾ ഇല്ലാത്തതാണ് പ്രശ്നമെന്നും വെള്ളിയാഴ്ച വിശദമായി കാര്യങ്ങൾ പറയാമെന്നും ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞു.
പാർട്ടി ശത്രുക്കളുടെ നിലപാടിലേക്ക് അൻവറിന്റെ പ്രസ്താവനകൾ മാറരുതെന്ന് നേരത്തെ പറഞ്ഞതാണ്. പാർട്ടിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുമെതിരായി പ്രതിപക്ഷം പോലും പറയാത്ത കാര്യങ്ങൾ പി.വി അൻവർ അവതരിപ്പിച്ചുവെന്നാണ് അറിയുന്നത്. വിവരങ്ങൾ പരിശോധിച്ച് ആവശ്യമായ നിലപാട് പാർട്ടി സ്വീകരിക്കും, ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പറഞ്ഞ അതേ ഭാഗമാണ് വിശദീകരിക്കാനുള്ളത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനും പാർട്ടിക്കുമെതിരായി വലതുപക്ഷ മാധ്യമങ്ങളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പറയുന്നതിനോടൊപ്പം ചേർന്ന് പാർട്ടിവിരുദ്ധ, സർക്കാർവിരുദ്ധ നിലപാട് സ്വീകരിക്കുന്ന സമീപനം ആവർത്തിക്കരുത് എന്ന് പറഞ്ഞതാണ്. അതുസംബന്ധിച്ച് പാർട്ടി വ്യക്തമായ നിലപാട് സ്വീകരിക്കും, ഗോവിന്ദൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പി വി അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ യോഗ്യനല്ലെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ കുറ്റവാളിയാക്കുന്നതായിരുന്നു. പാര്‍ട്ടി അത് തിരുത്തും എന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. പ്രതീക്ഷ മുഴുവന്‍ പാര്‍ട്ടിയിലായിരുന്നു. അന്വേഷിക്കുമെന്നെും സംസ്ഥാന സെക്രട്ടറി പറയും എന്നും കരുതി. പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണം ഇല്ലാത്തത് നിരാശപ്പെടുത്തിയെന്നും അന്‍വര്‍ വ്യക്തമാക്കി.