ന്യൂഡല്‍ഹി: മധ്യേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേതുടര്‍ന്നാണ് നിര്‍ദേശം.
2024 ഓഗസ്റ്റ് 1 ന് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ തന്നെ ഇന്ത്യൻ എംബസി ലെബനനിലേക്ക് യാത്ര ഒഴിവാക്കാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷം സംഘർഷം മൂർച്ഛിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. രാജ്യത്ത് പേജർ പൊട്ടിത്തെറിയും വ്യോമാക്രമണത്തിലുമായി നൂറ് കണക്കിനാളുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു.
ലെബനനിലുള്ള ഇന്ത്യാക്കാരോട് ഇതിനോടകം തന്നെ രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സാധിക്കാത്തവർ ജാഗ്രത പുലർത്തണം, യാത്രകൾ ഒഴിവാക്കണം, എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എംബസിയെ ബന്ധപ്പെട്ടാനുള്ള ഇമെയിൽ ഐഡി – [email protected]. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പർ +96176860128.