ന്യൂഡല്‍ഹി: സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്കുന്ന നിയമമായ ‘അഫ്സ്പ’ (AFSPA) അരുചാല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും പ്രദേശങ്ങളില്‍ ആറ് മാസത്തേക്കുകൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്സ്പ നീട്ടിയത്.
സംഘർഷ ബാധിത മേഖലയിൽ തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും വെടിവെക്കാനും സായുധ സേനകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഈ നിയമം. നാഗാലാൻഡിലെ എട്ട് ജില്ലകൾക്ക് പുറമെ മറ്റ് അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളും ഈ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര സർക്കാരിൻ്റെ വിജ്ഞാപനം പറയുന്നു.
സായുധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് അഫ്സ്പ പ്രകാരം ഒരു പ്രദേശത്തെയോ ജില്ലയെയോ ‘അസ്വസ്ഥമായ പ്രദേശം’ എന്ന നിലയ്ക്കാണ് പ്രഖ്യാപിക്കുക. ഇത്തരത്തില്‍ അഫ്സ്പ പ്രഖ്യാപിച്ച പ്രദേശത്ത് സായുധസേനകള്‍ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള അധികാരം ഈ നിയമം നല്കുന്നു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 70 ശതമാനം സ്ഥലത്ത് നിന്നും അഫ്സ്പ നിയന്ത്രണം നീക്കിയെന്നാണ് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്. അതേസമയം ജമ്മു കശ്മീരിൽ നിയമം പൂർണ്ണമായും പ്രാബല്യത്തിലുണ്ട്.